03 August Monday
എയ്‌ഡഡ്‌, അൺഎയ്‌ഡഡ്‌ സ്‌കൂളുകളിൽനിന്ന്‌ ഒഴുക്ക്‌

പ്രതിസന്ധിയിലും പ്രിയമേറി പൊതുവിദ്യാലങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020

 തൊടുപുഴ

കോവിഡ്‌ പ്രതിസന്ധിയിൽ സ്‌കൂളുകൾ തുറന്നുള്ള അധ്യയനം സാധ്യമാകാതിരിക്കെ, ഈ വർഷം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ ചേർന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വൻവർധന. മുൻ അക്കാദമികവർഷം സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിലായി ഒന്നുമുതൽ 10 വരെ ക്ലാസുകളിൽ 92,299 വിദ്യാർഥികളാണ്‌ ചേർന്നത്‌. ഈ അധ്യയനവർഷം ഇത്‌ 1,05,526 ആയി. എയ്‌ഡഡ്‌, അൺഎയ്‌ഡഡ്‌ സ്‌കൂളുകളിൽനിന്നായി വെള്ളിയാഴ്‌ച വരെ 13,277 കുട്ടികൾ പൊതുവിദ്യാലയങ്ങളെ തേടിയെത്തി. കൂടുതൽ ഒഴുക്ക് അൺഎയ്‌ഡഡ്‌ സ്‌കൂളുകളിൽനിന്നാണ്‌‌. 
മുൻവർഷം സ്‌കൂൾ തുറന്നപ്പോൾ ഒന്നാംക്ലാസിൽ 7,064 കുട്ടികൾ പ്രവേശനം നേടിയെങ്കിൽ, ഈ വർഷം ഇതുവരെ 6,026 വിദ്യാർഥികൾ എത്തി. പ്രവേശന നടപടികൾ തുടരുകയുമാണ്‌. മൂന്നാർ, നെടുങ്കണ്ടം, പീരുമേട്‌ ഉപജില്ലകളിലായി ഇനിയും കുട്ടികൾ ചേരാനുണ്ട്‌. കോവിഡ്‌ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലാണ്‌ പ്രവേശനം വൈകുന്നത്‌. സ്‌കൂൾ തുറക്കുന്നതോടെ ഒന്നാംക്ലാസിലെ കുട്ടികളുടെ എണ്ണം മുൻവർഷത്തേക്കാൾ ഉയരുമെന്നും‌ ഉറപ്പായി‌. അഞ്ചാംക്ലാസിൽ ഇതുവരെ 3,279 പേരും എട്ടാംക്ലാസിൽ 3,659 പേരും മുൻവർഷത്തേക്കാൾ അധികമായി പ്രവേശനം നേടി.  
 പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈടെക്‌ സംവിധാനത്തിലേക്ക്‌ മാറിയ പൊതുവിദ്യാലയങ്ങളിലെ അക്കാദമികവും ഭൗതികവുമായ മുന്നേറ്റങ്ങളാണ്‌ വിദ്യാർഥികളുടെ എണ്ണം ഉയരാൻ കാരണം. പഠനത്തിൽ പിന്നോക്കംനിന്ന കുട്ടികളെ‌ ഹലോ ഇംഗ്ലീഷ്‌, ഗണിതവിജയം, സുരലീ ഹിന്ദി, മലയാളത്തിളക്കം തുടങ്ങിയ പരിപോഷണ പദ്ധതികളിലൂടെ മിടുക്കരാക്കിയത്‌ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ നേട്ടമായി. സമ്പൂർണ ഇംഗ്ലീഷ്‌ മികവുമായി ബന്ധപ്പെട്ട്‌ നടത്തിയ വിവിധ പ്രവർത്തനങ്ങളും കുട്ടികൾക്ക്‌ പ്രയോജനംചെയ്‌തു. കുട്ടികൾ നേടിയ അറിവുകൾ പൊതുസമൂഹത്തിന്‌ മുമ്പിൽ പങ്കുവയ്‌ക്കാൻ സംഘടിപ്പിച്ച പഠനോത്സവത്തിൽനിന്ന്‌ പൊതുവിദ്യാഭ്യാസമേഖലയുടെ സമഗ്രമാറ്റം ഏവരും അനുഭവിച്ചറിഞ്ഞു. 
തമിഴ്‌ മേഖലയെയും മറന്നില്ല
വിക്‌ടേഴ്‌സ് ചാനലിലൂടെയുള്ള ക്ലാസുകൾ തമിഴ്‌ വിദ്യാലയങ്ങളിലെ കുട്ടികൾക്കും ലഭ്യമാക്കി. ഇതിനായി കൈറ്റ്‌ ഇടുക്കിയുടെ നേതൃത്വത്തിൽ പ്രത്യേക വീഡിയോ ക്ലാസുകൾ തയ്യാറാക്കി. ഇതുവരെ 48 വീഡിയോ ക്ലാസുകളുടെ പോസ്റ്റ്‌ പ്രൊഡക്ഷൻ നിർമാണം പൂർത്തിയാക്കി. പ്രദേശിക കേബിൾ ശൃംഖലയും യു ട്യൂബ്‌ ചാനലും പ്രയോജനപ്പെടുത്തിയാണ്‌ ക്ലാസുകൾ ലഭ്യമാക്കുന്നത്‌. നിലവിൽ അഞ്ച്‌ പ്രാദേശിക ചാനൽ നെറ്റ്‌വർക്കുകളിലൂടെ സംപ്രേഷണമുണ്ട്‌. തമിഴ്‌ മേഖലയിലെ കൊഴിഞ്ഞുപോയ വിദ്യാർഥികളെ വിദ്യാലയങ്ങളിലേക്ക്‌ മടക്കിയെത്തിക്കാനുള്ള ശ്രമവും ഇതിനുപിന്നിലുണ്ട്‌. 
സാങ്കേതിക സൗഹൃദ പഠനം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളിലേക്കും ലാപ്‌ടോപ്‌, പ്രൊജക്ടർ, സ്‌ക്രീൻ എന്നിവയടക്കം 11,230 ഉപകരണങ്ങൾ ഇതിനകം വിതരണം ചെയ്‌തു. പ്രൈമറി വിദ്യാലയങ്ങളും‌ ഹൈടെക്‌ നിലവാരത്തിലാണ്‌. പാഠ്യേതര പ്രവർത്തനങ്ങൾക്കും ഓൺലൈൻ സാധ്യത വിനിയോഗിക്കുന്നു‌. കൈറ്റിന്റെ നേതൃത്വത്തിൽ അവധിക്കാലത്ത്‌ സംഘടിപ്പിച്ച സാഹിത്യമത്സരങ്ങളിൽ ആയിരത്തിലേറെ സൃഷ്ടികളാണ്‌ ജില്ലയിൽനിന്ന്‌ ലഭിച്ചത്‌.  

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top