21 June Monday
കോവിഡ്‌ പ്രതിരോധം

ഏലപ്പാറ പഞ്ചായത്ത് അലംഭാവം വെടിയണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021
ഏലപ്പാറ 
കോവിഡ് മഹാമാരിയിൽ നാട്‌ ഒന്നിച്ചു പോരാടുമ്പോൾ ഏലപ്പാറ പഞ്ചായത്ത് അലംഭാവം വെടിയണമെന്ന് സിപിഐ എം. മഹാമാരിയിൽനിന്ന്‌ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സംസ്ഥാന സർക്കാർ ജീവൻമരണ പോരാട്ടത്തിലാണ്. എന്നാൽ, ഏലപ്പാറ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയാകട്ടെ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളിൽ ഗുരുതരമായ അലംഭാവമാണ് കാട്ടുന്നതെന്ന് സിപിഐ എം ഏലപ്പാറ ഏരിയ സെക്രട്ടറി എം ജെ വാവച്ചനും ജില്ലാ കമ്മിറ്റിയംഗം നിശാന്ത് വി ചന്ദ്രനും പറഞ്ഞു. ഏലപ്പാറയുടെ ഭൂരിപക്ഷം വാർഡുകളും തോട്ടം മേഖലയായതിനാൽ രോഗവ്യാപന സാധ്യത ഏറെയാണ്‌. കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളവരെ നിരീക്ഷിക്കാനും പ്രാഥമിക ചികിത്സകൾ നൽകാനും ആരംഭിക്കേണ്ട ഡിസിസിയുടെ പ്രവർത്തനം പഞ്ചായത്ത് ഹൈസ്‌കൂളിൽ ആരംഭിച്ചു എന്ന് വരുത്തിത്തീർക്കാൻ കാട്ടിക്കൂട്ടുന്ന കോലാഹലങ്ങൾ സർക്കാർ നിർദേശങ്ങൾക്ക് വിരുദ്ധമാണ്.
    രോഗവ്യാപന സാഹചര്യത്തിൽ കോവിഡ്‌ പരിശോധനാ കേന്ദ്രങ്ങളിൽ അളുകളെ എത്തിക്കാൻ വാഹനസൗകര്യം പോലുമില്ല. അവശ്യക്കാർക്ക് ഭക്ഷണമെത്തിക്കാൻ സമൂഹ അടുക്കള ആരംഭിക്കാൻ വൈകുന്നതും പഞ്ചായത്തിന്റെ കഴിവുകേടാണ് ചൂണ്ടിക്കാട്ടുന്നത്. ഉത്തരവാദിത്തങ്ങൾ നിറവേറ്റണ്ട പഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയ ഉദ്യോഗസ്ഥരുടെ അലംഭാവം കലക്ടറുടെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന്‌ സിപിഐ എം വ്യക്തമാക്കി. എല്ലാവരെയും ഒന്നായി സഹകരിപ്പിക്കുന്നതിന്‌ പകരം രാഷ്ട്രീയ പകയോടെയാണ് യുഡിഎഫ് ഭരണസമിതി മുന്നോട്ടുപോകുന്നത്. പഞ്ചായത്തിൽ നിലവിൽ എത്ര രോഗികളുണ്ടെന്നോ ഇവരിൽ മറ്റ്‌ രോഗങ്ങളുള്ളവർ എത്രയെന്നോ പ്രായമോ അതിഥിത്തൊഴിലാളികളുടെ എണ്ണമോ ഒന്നും പഞ്ചായത്തിന്‌ അറിയില്ലെന്നും നേതാക്കൾ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top