18 June Friday

അമ്മയുടെ പിറന്നാൾ ആഘോഷം ഒഴിവാക്കി; അരലക്ഷം ദുരിതാശ്വാസനിധിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021

 തൊടുപുഴ

ശയ്യാവലംബയായ അമ്മയുടെ പിറന്നാൾ ആഘാഷത്തിന്‌ കരുതിവച്ചിരുന്ന അമ്പതിനായിരം രൂപ മക്കൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ കൈമാറി. തൊടുപുഴ ഒളമറ്റം കണ്ടോത്ത്‌ തോമസും സഹോദരങ്ങളുമാണ്‌ ദുരിതാശ്വാസനിധിയിലേക്ക്‌ പണം നൽകി കേരളത്തിന്റെ കോവിഡ്‌ പ്രതിരോധത്തിൽ പങ്കാളികളായത്‌. 
തോമസിന്റെ അമ്മ അമ്മാൾ ജോസഫിന്റെ 98–-ാം പിറന്നാൾ ഒമ്പതിനായിരുന്നു. കിടപ്പുരോഗിയായ അമ്മയുടെ പിറന്നാൾ തോമസിന്റെ വീട്ടിൽ കുടുംബാംഗങ്ങളെല്ലാം ഒത്തുചേർന്ന്‌ ആഘോഷിക്കണമെന്ന്‌ നേരത്തെ തീരുമാനിച്ചിരുന്നതാണ്‌. അതിനിടയിലാണ്‌ കോവിഡ്‌ രണ്ടാം തരംഗം വെല്ലുവിളിയായത്‌. വാക്‌സിൻ ക്ഷാമവും നാടിന്റെ പ്രതിസന്ധിയുമെല്ലാം ഇവർ മനസ്സിലാക്കി. അതോടെ, പിറന്നാൾ ആഘോഷം ഒഴിവാക്കി ദുരിതാശ്വാസനിധിയിലേക്ക്‌ പണം നൽകാൻ തീരുമാനം എടുക്കുകയായിരുന്നു. 
ഏറെ സന്നിഗ്‌ധഘട്ടത്തിലൂടെ നാട്‌ നീങ്ങുമ്പോൾ ഇതാണ്‌ ഉചിതമെന്ന്‌ കുടുംബാംഗങ്ങൾ കൂട്ടായി തീരുമാനിക്കുകയായിരുന്നുവെന്ന്‌ തോമസ്‌ പറഞ്ഞു. ഫെഡറൽ ബാങ്കിന്റെ തൊടുപുഴ ശാഖ മുഖേനയാണ്‌ സംഭാവന കൈമാറിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top