06 June Saturday
ആശങ്കകൾ മാഞ്ഞു

മന്ത്രി താക്കോൽ നൽകി; ‘സൂപ്പർ വീട്‌’ ഇവർക്ക്‌ സ്വന്തം

വെബ് ഡെസ്‌ക്‌Updated: Monday Jan 13, 2020

ഗൂഡാർവിള ഫാക്ടറി ഡിവിഷനിലെ തോട്ടം തൊഴിലാളികളായ പഴനിയും പാപ്പയും കുറ്റ്യാർവാലിയിൽ ഭവനം പദ്ധതിപ്രകാരം ലഭിച്ച വീടിനുമുന്നിൽ

 ഒരുവർഷത്തിനപ്പുറം പടിയിറങ്ങുന്ന ലയങ്ങളിലെ ജീവിതത്തിനുശേഷം ഇനിയെന്തെന്ന പഴനിയുടെയും പാപ്പയുടെയും ആശങ്കകൾക്കുള്ള ഉത്തരമായിരുന്നു മന്ത്രിയിൽനിന്ന്‌ ഏറ്റുവാങ്ങിയ താക്കോൽ. ചെറിയവീട്‌ പ്രതീക്ഷിച്ച ഇവർക്ക്‌ ലഭിച്ചത്‌ എല്ലാ സൗകര്യവുമുള്ള സൂപ്പർവീട്‌. ഗൂഡാർവിള ഫാക്ടറി ഡിവിഷൻ ഒമ്പതാംവാർഡിലെ പഴനി ഈ വർഷത്തോടെ തോട്ടത്തിൽനിന്ന്‌ വിരമിക്കുകയാണ്. അതിനുശേഷം ലയത്തിൽനിന്ന്‌ പുറത്തുപോകണം. തുടർന്നും തലചായ്ക്കാൻ ഒരിടം വേണമെന്ന സ്വപ്നമായിരുന്നു ഇക്കാലമത്രയും.

  ഒരു മനുഷ്യായുസ്സ്‌ മുഴുവൻ ഒറ്റമുറി ലയത്തിലായിരുന്ന ഇവരുടെ ജീവിതത്തിലേക്ക് പുതിയ വെളിച്ചം വീശുകയായിരുന്നു ഭവനം പദ്ധതിയിലൂടെ സർക്കാർ. ഒറ്റമുറി ലയത്തിൽ മൂന്ന് മക്കളുമായി കഴിഞ്ഞ ദിനങ്ങൾ ഓർത്തെടുക്കുമ്പോൾ പാപ്പ പുതിയ വീടിന്റെ താക്കോൽ നെഞ്ചോടു ചേർത്തുപിടിക്കുകയായിരുന്നു. പുറത്തുനിന്ന് ഒരാൾ വന്നാൽ ഇരിക്കാൻ പോലും സ്ഥലമില്ലാത്ത ലയങ്ങൾ. കടുത്ത തണുപ്പും മഴയും പ്രതിരോധിക്കാനാവാത്തത്. ഇനിയൊരു പുതുജീവിതം ഇല്ലെന്ന പ്രതീക്ഷ അവസാനിക്കുമ്പോഴാണ്‌ ഈ വീട് ലഭിച്ചത്. കണ്ണീരോടെ പാപ്പ പറഞ്ഞുതീർക്കുമ്പോഴും ആശ്വാസത്തിന്റെ ഒരു പുഞ്ചിരി ആ മുഖത്തുണ്ടായിരുന്നു. 
വി എസ് അച്യുതാനന്ദൻ സർക്കാർ പത്ത് സെന്റ് നൽകിയതോടെയാണ്‌ തോട്ടം തൊഴിലാളികളുടെ സ്വപ്നങ്ങൾക്കു ചിറകുവച്ച് തുടങ്ങിയത്. എന്നാൽ, പിന്നീട് അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് നേരെ മുഖംതിരിച്ചപ്പോൾ പ്രതീക്ഷകൾ വീണ്ടും മങ്ങി. എന്നും തൊഴിലാളി പക്ഷത്ത് ഉറച്ചുനിന്ന ഇടതുപക്ഷം വീണ്ടും അധികാരത്തിൽ എത്തിയതാടെ തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിന് വീണ്ടും പ്രാധാന്യം നൽകി. അതിന്റെ ഭാഗമായാണ് തൊഴിലാളികൾക്ക് സ്വന്തം വീടെന്ന സ്വപ്നം സർക്കാർ സാക്ഷാൽക്കരിക്കുന്നത്. പരിപാടിയിൽ ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് പി കെ സുരേഷ്‌കുമാർ അധ്യക്ഷനായി.
ദേവികുളം സബ് കലക്ടർ പ്രേം കൃഷ്ണൻ, സിപിഐ എം ജില്ലാ സെക്രട്ടറി  കെ കെ ജയചന്ദ്രൻ, ഡിഇഇ യൂണിയൻ പ്രസിഡന്റ് കെ വി ശശി, ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ, ട്രഷറർ സജിമോൻ ആന്റണി, കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ വൈസ് പ്രസിഡന്റ് ബി പി കരിയപ്പ, മുൻ ഡെപ്യൂട്ടി സ്പീക്കർ സി എ കുര്യൻ, മുൻ എംഎൽഎ എ കെ മണി, സിപിഐ എം മൂന്നാർ ഏരിയ സെക്രട്ടറി കെ കെ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ്‌ ലേബർ കമീഷണർ ശ്രീലാൽ സ്വാഗതവും ഡോ. ജി എൽ മുരളീധരൻ നന്ദിയും പറഞ്ഞു.  
പ്രധാന വാർത്തകൾ
 Top