വികസന പാതയിൽ പുതുചരിത്രം രചിച്ച് പള്ളിവാസൽ
അടിമാലി
ഗ്രാമവികസനത്തിന് പുത്തൻ മാതൃകകൾ സൃഷ്ടിച്ച് നാടിന്റെ മുഖച്ഛായ മാറ്റിയ നാളുകൾ. എൽഡിഎഫ് ഭരണസമിതി അധികാരത്തിലെത്തിയശേഷം പശ്ചാത്തല വികസനം, വിനോദസഞ്ചാരം, കൃഷി, ആരോഗ്യം, കായികം, മാലിന്യസംസ്‌കരണം തുടങ്ങി നാനാമേഖലയിലും സമൂലമായ–തൊട്ടറിയാൻ കഴിയുന്ന മാറ്റങ്ങൾ.
വിരൽതുമ്പിൽ വിവങ്ങളറിയാൻ ഡിജിറ്റൽ സംവിധാനവും. പഞ്ചായത്തിന്റെ പല പ്രദേശങ്ങളും മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ ഇടത്താവളമാണ്. തേയില–ഏലത്തോട്ടങ്ങളും ഫാം ടൂറിസവും കൃഷിയുമെല്ലാം പഞ്ചായത്തിന്റെ ഫലപ്രദമായ വികസനത്തിന്റെ നേർക്കാഴ്ചകളായി. സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രങ്ങളാണ് രണ്ടാംമൈൽ, ചിത്തിരപുരം, പോതമേട്, കല്ലാർ, കുരിശുപാറ, പെട്ടിമുടി തുടങ്ങിയ ഗ്രാമങ്ങൾ. ഇവിടെയെല്ലാം വികസനത്തിന്റെ വെള്ളിവെളിച്ചം വിതറാൻ എൽഡിഎഫ് ഭരണത്തിനായി.
വഴിയിട
വിശ്രമ കേന്ദ്രങ്ങൾ
സഞ്ചാരികൾക്കായി ശുചിത്വമുള്ള വഴിയിട വിശ്രമകേന്ദ്രങ്ങൾ പഞ്ചായത്ത് ഒരുക്കി. രണ്ടാംമൈലിൽ വോൾവോ ബസിന്റെ മാതൃകയിൽതീർത്ത വിശ്രമ കേന്ദ്രം ആരുടെയും ശ്രദ്ധയാകർഷിക്കും. കരടിപ്പാറയിൽ മൂന്നാറിലെ ആദ്യ തീവണ്ടിയുടെ മാതൃകയിലാണ് നിർമിച്ചത്. ഇവിടങ്ങളിൽ നാടിന്റെ സൗന്ദര്യക്കാഴ്ചകളുടെ വിദൂരദൃശ്യങ്ങൾ ആസ്വദിക്കാൻ വാച്ച് ടവറുകളും സജ്ജീകരിച്ചിട്ടുണ്ട്. പോതമേട് വ്യൂ പോയിന്റിൽ കോട്ടമതിലിന്റെ മാതൃകയിൽ വിശ്രമകേന്ദ്രവും കഫേയും നിർമാണം പൂർത്തിയായിവരുന്നു. രണ്ടാംമൈലിൽ ദേശീയപാതയോരത്ത് കുടുംബശ്രീയുടെ പിങ്ക് കഫേ ഇതിനകം സഞ്ചാരികളുടെ ഇടത്താവളമായിക്കഴിഞ്ഞു. കാന്റീനും ജനകീയ ഹോട്ടലും കുടുംബശ്രീ അംഗങ്ങൾക്ക് വരുമാനമാർഗം കൂടിയാണ്. കരടിപ്പാറയിൽ തീവണ്ടിയുടെ മാതൃകയിൽ നിർമിച്ച വഴിയിട വിശ്രമകേന്ദ്രവും പൊതുജനങ്ങൾക്കായി ഉടൻ തുറന്നുകൊടുക്കും.
പൈതൃകകേന്ദ്രം
തട്ടാത്തിമുക്കിൽ പൈതൃക കേന്ദ്രത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. രണ്ടുനിലകളിലായാണ് നിർമാണം പുരോഗമിക്കുന്നത്. കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള വിപണന കേന്ദ്രത്തിനും ലൈബ്രറിക്കും പുറമേ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, സാംസ്‌കാരിക–പ്രാദേശിക വിവരണം തുടങ്ങിയവ ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ടാവും.
ജനകീയാസൂത്രണം രജതജൂബിലി സ്‌മാരക മന്ദിരത്തിന്റെ നിർമാണം തോക്കുപാറയിൽ പൂർത്തിയായിവരുന്നു. മൂന്നു നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന് 75 ലക്ഷമാണ് നിർമാണച്ചെലവ്. വ്യാപാര സമുച്ചയം, ലൈബ്രറി, ഇൻഡോർ ബാഡ്മിന്റൺ കോർട്ട് എന്നിവയാണ് ഇവിടെയുണ്ടാവുക.
ഹെൽത്തി
പള്ളിവാസൽ
ആരോഗ്യ–-കായിക മേഖലയിലും പഞ്ചായത്ത് അത്യാധുനിക സൗകര്യങ്ങളൊരുക്കുന്നുണ്ട്. ചിത്തിരപുരത്ത് 26 ലക്ഷത്തിന് സാംസ്‌കാരിക നിലയവും ഇൻഡോർ ഷട്ടിൽ കോർട്ടും നിർമാണം പൂർത്തിയായിവരുന്നു. 3–17 വയസുവരെയുള്ള 140 കുട്ടികൾക്ക് ഫുട്ബോളിൽ പരിശീലനം നൽകുന്നു. കുരിശുപാറയിൽ വോളിബോൾ കോർട്ടിനായി 25 ലക്ഷവും കുട്ടികളുടെ പാർക്കിനായി 10 ലക്ഷവും അനുവദിച്ചു. ചിത്തിരപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തോടുചേർന്ന് തുറന്ന വ്യായാമ കേന്ദ്രവും ആയുർവേദ ഔഷധത്തോട്ടവും ആരംഭിച്ചു. കാൻസർ കെയർ പദ്ധതിയുടെ ഭാഗമായി 5229 കുടുംബങ്ങളിൽ സർവേ നടത്തി. 62 കേന്ദ്രങ്ങളിൽ സൗജന്യ പരിശോധന ക്യാമ്പുകൾ നടത്തി. വൃക്കരോഗ നിർണയ ക്യാമ്പ്, വയോജനങ്ങൾക്കായി ആയുർവേദ വയോനിലാവ് പദ്ധതിയും നടപ്പാക്കിവരുന്നു.
സ്‌കൂളിലൊരു പഴത്തോട്ടം പദ്ധതിയിൽ ചിത്തിരപുരം ഹൈസ്കൂളിൽ ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു. 2.5 ഏക്കർ സ്ഥലത്ത് 350 വൃക്ഷത്തൈകളാണ് നട്ടത്. ആപ്പിൾ, പേര, സപ്പോട്ട, പീനട്ട്, മുന്തിരി തുടങ്ങി നിരവധി ഇനങ്ങളുണ്ട്.
ഷീ ലോഡ്‌ജ്
വനിതാസഞ്ചാരികൾക്ക് സുരക്ഷിതമായ താമസമൊരുക്കാൻ രണ്ടാംമൈലിൽ ഷീ ലോഡ്‌ജ് യാഥാർഥ്യമാകുന്നു. 1.25 കോടി രൂപയാണ് മുതൽമുടക്ക്. സംസ്ഥാനത്തെ മൂന്നാമത്തെ ഷീ ലോഡ്‌ജാണിത്. ഏഴ് മുറികൾ കൂടാതെ 32 പേർക്ക് താമസിക്കാവുന്ന ഡോർമെറ്ററിയും ഇവിടെയുണ്ടാകും. തദ്ദേശീയരായ വനിതകൾക്ക് തൊഴിൽ അവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യവുംകൂടി പദ്ധതിക്കുണ്ട്.
എക്‌സ്‌പ്ലോർ
പള്ളിവാസൽ
പഞ്ചായത്തിനെ സംബന്ധിച്ച ആധികാരിക വിവരങ്ങൾ അറിയാൻ ‘എക്സ്പ്ലോർ പള്ളിവാസൽ’ എന്ന വെബ്സൈറ്റ് യാഥാർഥ്യമാക്കി. വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പ്രാദേശിക വിപണികൾ, പ്രാദേശിക സേവനങ്ങൾ, സർക്കാർ സേവനങ്ങൾ, ഗതാഗത മാർഗങ്ങൾ തുടങ്ങി ജനങ്ങൾക്കാവശ്യമായ എല്ലാ വിവരങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാകും. ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവും യാഥാർഥ്യമാക്കുകയാണ് എൽഡിഎഫ് ഭരണസമിതിയുടെ ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ്‌കുമാർ പറഞ്ഞു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പ്രവർത്തനങ്ങൾ വേഗം ജനങ്ങളിലെത്തിക്കുന്നതിനാണ് മുൻഗണന.
0 comments