മനോഹര മൂന്നാറിന് കര്‍മപദ്ധതി തയ്യാര്‍
തൊടുപുഴ
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി മൂന്നാറിനെ സമ്പൂർണ മാലിന്യ മുക്തമാക്കാനുള്ള കർമ പരിപാടികൾക്ക് രൂപം നല്‍കി. കലക്ടർ വി വിഗ്‌നേശ്വരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നടപടി. മൂന്നാറിലെ ശുചീകരണ തൊഴിലാളികളുടെയും ഹരിത കർമസേനയുടെയും പ്രവർത്തനം കാര്യക്ഷമമാക്കും. മാലിന്യം തരംതിരിച്ച് ഉറവിടത്തിൽനിന്ന് ശേഖരിക്കും. നീക്കംചെയ്യാൻ ഉപയോഗിക്കുന്ന വാഹനത്തിൽ ജൈവ/പ്ലാസ്റ്റിക് മാലിന്യം ഇടകലരാത്തവിധം അറകൾ നിർമിക്കണം. വീഴ്‍ചവരുത്തുന്നവര്‍ക്കെതിരെ കർശന നടപടിയെടുക്കും. കോളനി നിവാസികളെ ബോധവൽക്കരിക്കും.
കോളനികളിൽ പൊതുകളക്ഷൻ പോയിന്റുകൾ നിശ്ചയിക്കും. ഉൾപ്രദേശങ്ങളിൽ കമ്യൂണിറ്റി ബയോസ്‌കുകൾ സ്ഥാപിക്കും. സാധ്യമായ സ്ഥലങ്ങളിൽനിന്നെല്ലാം ജൈവമാലിന്യം ദിവസേന ശേഖരിക്കും. പൊതുസ്ഥലങ്ങളിൽ മാലിന്യം തരംതിരിച്ച് പ്രത്യേകം നിക്ഷേപിക്കാൻ ബിന്നുകൾ സ്ഥാപിക്കും. മാലിന്യം വലിച്ചെറിയാൻ സാധ്യതയുള്ള പൊതുസ്ഥലങ്ങളിലെല്ലാം ക്യാമറകളും ക്രമീകരിക്കും. കെഡിഎച്ച്പിയുടെ കീഴിലുള്ള പ്രദേശങ്ങളിലെ മാലിന്യം തരംതിരിച്ച് കമ്പനിതന്നെ ആർആർഎഫിൽ എത്തിക്കും. ഗതാഗത ചാർജ് ഒഴിവാക്കി വീടുകളുടെ ആകെ എണ്ണം കണക്കാക്കി യൂസർഫീയുടെ 60ശതമാനം പഞ്ചായത്തിൽ അടയ്‍ക്കാനും തീരുമാനിച്ചു. ഇരവികുളം പാർക്കിന് സമീപത്തെ മലിനീകരണത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കും. വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ ആർആർഎഫിന് ചുറ്റും വൈദ്യുതവേലി നിർമിക്കും. കെട്ടിക്കിടക്കുന്ന ജൈവവളം അടിയന്തിരമായി വിപണനംചെയ്യും.
സബ്കലക്‍ടർ വി എം ജയകൃഷ്ണൻ, ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ. അജയ് പി കൃഷ്ണ, ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ കെ ആർ ഭാഗ്യരാജ്, തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം ഓഫീസർ ബിൻസ് സി തോമസ്, ട്രീസ ജോസ്, സി ആർ മിനി തുടങ്ങിയവര്‍ പങ്കെടുത്തു. മൂന്നാർ ടൗണിലെ മാലിന്യ പ്രശ്നം മനസിലാക്കാൻ കലക്ടറുടെ നേതൃത്വത്തിൽ സ്ട്രീറ്റ് നടത്തം സംഘടിപ്പിച്ചു. പ്രീമെട്രിക് ഹോസ്റ്റലിന്റെ സമീപത്തുനിന്നും ആരംഭിച്ച് മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് ട്രയിനിങ് സെന്ററിൽ സമാപിച്ചു.
0 comments