കീഴാന്തൂർ കാപ്പി @72
മറയൂർ
ഗുണമേന്മയിലും രുചിയിലും മുൻപന്തിയിൽ നിൽക്കുന്ന കീഴാന്തൂരിലെ കാപ്പിക്കും പ്രിയമേറി. ഒരു കിലോ കാപ്പിക്കുരു പഴുത്തതിന് 72 രൂപയാണ് വില. മറ്റിടങ്ങളിലെ കാപ്പി കിലോയ്ക്ക് 30 രൂപ മുതൽ 50 രൂപവരെയാണ് ലഭിക്കുന്നത്. പഴം പറിച്ച് 24 മണിക്കൂറിനുള്ളിൽ പൾപ്പാക്കുന്ന കുരുക്കളിൽ നിന്നാണ് ഗുണമേന്മയേറിയ കാപ്പിപ്പൊടി ലഭിക്കുന്നത്. മലയോര മേഖലയായ ഇവിടെ വിളയുന്ന കാപ്പിക്കുരു മണ്ണാർക്കാട് സോഷ്യൽ സർവീസ് സൊസൈറ്റി മികച്ച വിലനൽകി സംഭരിക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനത്തിൽ വിളവ്കുറഞ്ഞെങ്കിലും മികച്ച വില കർഷകർക്ക് ആശ്വാസം. സ്വകാര്യ കമ്പനി കർഷകരിൽനിന്ന് കാപ്പിക്കുരു ശേഖരിച്ച് പൊടിയാക്കി ജർമനി, ക്യൂബ ഉൾപ്പെടെ വിദേശരാജ്യങ്ങളിലേക്കുൾപ്പെടെ കയറ്റുമതി ചെയ്തുവരുന്നുണ്ട്.
അഞ്ചുനാട്ടിലെ കാന്തല്ലൂർ, കീഴാന്തൂർ, കുളച്ചിവയൽ, വെട്ടുകാട് മറയൂരിലെ പള്ളനാട് കാപ്പി സ്റ്റോർ തുടങ്ങിയ ഗ്രാമങ്ങളിലാണ് കാവേരി, സെലക്ഷൻ, അറബിക എന്നീയിനം കാപ്പികൾ കൂടുതലായും കൃഷി ചെയ്യുന്നത്. സെപ്തംബർ, ഒക്ടോബർ മാസങ്ങളിലാണ് സാധാരണ വിളവെടുപ്പ് നടക്കുന്നതെങ്കിലും മഴമൂലം ഇത്തവണ ഡിസംബറിലാണ് വിളവെടുപ്പ്. മഴ വിളവ് ഗണ്യമായി കുറയാനിടയാക്കി.
0 comments