04 December Wednesday
കേരളത്തിന്റെ ഊർജം

ഇടുക്കി പവർഹൗസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

തൊട്ടിയാർ പവർ ഹൗസിന്റെ ഉൾഭാഗം

 ഇടുക്കി

വെളിച്ചത്തിന്റെ പാതയിലെ ആദ്യ ചുവടുവയ്‌പ്പായ സ്വാതന്ത്ര്യത്തിനുമുമ്പേ പ്രവർത്തനമാരംഭിച്ച പള്ളിവാസൽ മുതൽ ഏഷ്യയിലെ തന്നെ പ്രധാന ആർച്ച്‌ഡാമായ ഇടുക്കിവരെ കാലങ്ങളായി സർവതല വികസനത്തിന്‌ പ്രഭയേകുന്നുണ്ട്‌. സംസ്ഥാനത്തെ വൈദ്യുതോൽപ്പാദനത്തിന്റെ പ്രധാന ഉറവിടം ജലവൈദ്യുത പദ്ധതികൾതന്നെ. ജലസമൃദ്ധിയിൽ അനുഗ്രഹീതമായ നാടെന്നതാണ്‌ കാരണം. മാത്രമല്ല, അന്തരീക്ഷ, പരിസ്ഥിതി മലിനീകരണമില്ലാത്ത നാടിന്‌ യോജിച്ച പദ്ധതിയാണ്‌. എന്നാൽ ആവശ്യമായ വൈദ്യുതിയുടെ 23 മുതൽ 25 ശതമാനംവരെ മാത്രമെ ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്നുള്ളു. നിലവിൽ  ഒരുവർഷം ശരാശരിമഴ 3000 മില്ലീ മീറ്റർ എന്നിരിക്കെ ഇതിൽ ഏറിയും കുറഞ്ഞുമാണ്‌ ഇടുക്കിയിലെ മഴ. വൈദ്യുതി ആവശ്യകത ഏകദേശം 4500 മെഗാവാട്ട്‌ മുതൽ കടുത്ത വേനലിൽ 5700നുമേൽവരെ ആകാറുണ്ട്‌. സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന 20ൽപരം ജലവൈദ്യുത പദ്ധതികളിൽ 13 എണ്ണവും ഇടുക്കിയിൽ. ആകെയുള്ള സ്ഥാപിതശേഷി 2200 ലേറെ മെഗാവാട്ടെങ്കിൽ 50 ശതമാനത്തിലേറെ(1191) ഇടുക്കിയിൽനിന്നുള്ള സംഭാവന.  
സംസ്ഥാനത്തിന്റെ പ്രധാന വൈദ്യുത ഉൽപ്പാദന കേന്ദ്രം. വൈദ്യുതി പ്രതിസന്ധിയുടെ ഇരുണ്ട നാളിലൂടെ നീങ്ങിയപ്പോഴെല്ലാം വൈവിധ്യവും ഭാവനാപൂർണവുമായ പദ്ധതികൾ ജനകീയ സർക്കാരുകൾ നടപ്പാക്കിയിട്ടുണ്ട്‌. അതിപ്പോഴും തുടരുന്നു. കാട്ടാറുകളുടെയും പുഴകളുടെയും  നീർച്ചാലുകളുടെയും സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയാണ്‌ വൻ നേട്ടം കൈവരിക്കുന്നത്‌. ഏറ്റവും ചെലവുകുറഞ്ഞ വൈദ്യുത പദ്ധതികൾക്ക്‌ യോജ്യമായ ഭൂ പ്രകൃതിയും സവിശേഷ കാലാവസ്ഥയുമെല്ലാം ഒത്തിണങ്ങിയ ജില്ലയെന്നതും മറ്റൊരു പ്രത്യേകത. ജില്ലയുടെ ഊർജോൽപ്പാദന രംഗത്തെ വൻകുതിപ്പ്‌ സാധ്യമാകുന്നത്‌ എം എം മണി എംഎൽഎ യുടെ ഫലപ്രദമായ ഇടപെടൽകൊണ്ടാണ്‌. വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ ഒട്ടേറെ പദ്ധതികൾക്ക്‌ തുടക്കമിടാനായി. എംഎൽഎ ആയിരിക്കുമ്പോഴും തുടരുകയും ചെയ്യുന്നു.  ഇടുക്കിയിൽ മൂന്ന്‌ സ്വകാര്യ വൈദ്യുത പദ്ധതികൾ ഉൾപ്പെടെ 15 പദ്ധതികളാണ്‌ നിലവിൽ പ്രവർത്തിക്കുന്നത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top