14 December Saturday

മൂന്നാർ പെരിയവരൈ പാലത്തിന്റെ അപ്രോച്ച്‌ റോഡ്‌ തകർന്നു; ഗതാഗതം തിരിച്ചുവിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019

മൂന്നാർ > പെരിയവരൈയിൽ താൽക്കാലിക പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നതോടെ ഗതാഗതം തിരിച്ചുവിട്ടു. പുതിയപാലം നിർമാണത്തിന്റെ പൈലിങ് ജോലിക്കിടെയാണ്‌ പാലം തകർന്നത്‌. പെരിയവരൈയിൽനിന്ന്‌ ഫാക്ടറിയുടെ അരികിലൂടെ ടോപ് ഡിവിഷനിലെത്തി മൂന്നാർ കോളനി വഴിയാണ് ബദൽ സംവിധാനം ഏർപ്പെടുത്തിയത്. ചെറുവാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. വലിയ വാഹനങ്ങൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്‌.  തിങ്കളാഴ്ച പകൽ പന്ത്രണ്ടോടെയാണ്‌ വാഹനങ്ങൾക്ക്‌ പോകാൻ കഴിയാത്ത വിധം പാലം ഭാഗികമായി തകർന്നത്. പൈലിങ് ജോലികൾ നിർത്തിവയ്ക്കാതിരിക്കാനാണ്‌ ഗതാഗതത്തിൽ മാറ്റം വരുത്തിയത്.

രണ്ട് ദിവസത്തിനകം പൈലിങ് ജോലികൾ പൂർത്തിയാക്കി തകർന്ന ഭാഗം മണ്ണിട്ടുനികത്തി താൽക്കാലിക പാലത്തിലൂടെ ഗതാഗതം പുനഃസ്ഥാപിക്കും. കഴിഞ്ഞ മഹാപ്രളയത്തിലാണ്‌ പെരിയവരൈ പാലം തകർന്നത്‌. തുടർന്ന് താൽക്കാലിക പാലം നിർമിച്ച് ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഇടയ്‌ക്കിടെ പെയ്ത ശക്തമായ മഴയിൽ രണ്ടുതവണ പാലം തകർന്നു. നാലുകോടി രൂപ ചെലവഴിച്ചാണ് പുതിയ പാലത്തിന്റെ നിർമാണം. എസ് രാജേന്ദ്രൻ എംഎൽഎ, ദേവികുളം സബ് കലക്ടർ എസ് പ്രേംകൃഷ്ണൻ എന്നിവർ പെരിയവരൈ പാലം സന്ദർശിച്ച്‌  അധികൃതർക്ക് നിർദേശം നൽകി.

 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top