02 June Tuesday
പിഎസ്‌സി പരീക്ഷാ ദിവസം യുഡിഎഫ്‌ ഹർത്താൽ

പതിനായിരക്കണക്കിന്‌ ഉദ്യോഗാർഥിളെ ബാധിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2019

 ഇടുക്കി

ആറ്റുനോറ്റുകിട്ടിയ പിഎസ്‌സി പരീക്ഷയുടെ ദിവസം യുഡിഎഫ്‌ ഹർത്താൽ. ജില്ലയിലെ വില്ലേജ്‌ എക്‌സ്‌റ്റൻഷൻ ഓഫീസർ(വിഇഒ) തസ്‌തികയിലേക്കുള്ള പരീക്ഷയ്‌ക്ക്‌ വർഷങ്ങളായി ഒരുങ്ങിയിരിക്കുമ്പോഴാണ്‌ ഉദ്യോഗാർഥികൾക്ക്‌ ഇടിത്തീയായി ഹർത്താലെത്തിയത്‌. ജില്ലയിലെ കർഷകരെ ഗാഡ്‌ഗിൽ– കസ്‌തൂരിരംഗൻ ഊരാകുടുക്കിലെത്തിച്ചവരുടെ സമരം വഴിയാധാരമാക്കുന്നത്‌ ആയിരക്കണക്കിന്‌ ആളുകളുടെ സ്വപ്‌നങ്ങളെ.
 പരീക്ഷയ്‌ക്ക്‌ തയ്യാറെടുക്കുന്നവരിൽ കൈക്കുഞ്ഞുങ്ങളുമായെത്തുന്ന അമ്മമാർ വരെയുണ്ട്‌. 35‐ 36 വയസ്സുവരെയുള്ളവരുടെ അവസാന അവസരമാണിത്‌. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന്‌ ഉദ്യോഗാർഥികൾ പരീക്ഷ എഴുതാൻ എത്തും. ഇവർക്ക്‌ താമസിക്കാനോ യാത്രചെയ്യാനോ സൗകര്യമില്ലാതെ  ബുദ്ധിമുട്ടിലാകാനും സാധ്യതയുണ്ട്‌. 
   ഉമ്മൻചാണ്ടി സർക്കാരിന്റെ ഭരണകാലത്ത്‌ സ്വകാര്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കാൻ തസ്‌തികകൾ ഇല്ലാതാക്കുകയും നിയമനനിരോധനം നടപ്പാക്കുകയുമാണ്‌ ചെയ്‌തത്‌. ബിരുദമുള്ളവർക്ക്‌ എഴുതാവുന്ന പിഎസ്‌സി പരീക്ഷകളും പരിമിതമാണ്‌. വിഇഒ പരീക്ഷയ്‌ക്ക്‌ കഠിനപരിശ്രമത്തിലായിരുന്നു ഉദ്യോഗാർഥികൾ. ഇതിനിടെയാണ്‌ യുഡിഎഫ്‌ ഹർത്താൽ നടത്തി ജോലി സാധ്യതകൂടി ഇല്ലാതാക്കുന്നത്‌. 
 വനം–- റവന്യൂ അധികാരികളുടെ കൈകളിലേക്ക്‌ ജില്ലയിലെ ജനങ്ങളെ ഇട്ടുകൊടുത്തവർ കഴിഞ്ഞ ദിവസം കട്ടപ്പനയിൽ നടത്തിയ സമരം പാളിയിരുന്നു. ഉത്തരവിന്റെ കാര്യത്തിൽ കോൺഗ്രസ്‌ സംസ്ഥാന–- ജില്ലാ നേതൃത്വങ്ങൾ രണ്ടുതട്ടിലാണ്‌. യുഡിഎഫ്‌ നടത്തിയ ജനകീയ ധർണയിൽ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല പങ്കെടുത്തിരുന്നില്ല.  ജനമനസ്സുകളിൽനിന്ന്‌ പുറന്തള്ളപ്പെട്ട നേതാക്കളും വനം–- റവന്യൂ അധികാരികളും ചേർന്ന്‌ നടത്തുന്ന ഗൂഢാലോചന പലപ്പോഴും ഹൈറേഞ്ച്‌ ജനതയെ പിറന്നമണ്ണിൽനിന്ന്‌ പുറന്തള്ളാനാണ്‌. മൂന്നാറിനായുള്ള ഭൂവിനിയോഗ ഉത്തരവിന്റെ മറവിൽ ജില്ലയ്‌ക്ക്‌ മുഴുവനും അടിച്ചേൽപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥവൃന്ദം നിയമം വളച്ചൊടിക്കുകയാണ്‌.
കുടിയേറ്റ ജനതയുടെ കൃഷിയും അനുബന്ധ വ്യവസായവും സംരക്ഷിക്കപ്പെടും. എന്നാൽ, അനധികൃത കൈയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്നത്‌ എൽഡിഎഫിന്റെ പ്രഖ്യാപിതനയമാണ്‌. ഭൂവിനിയോഗ ഉത്തരവ്‌ ഭേദഗതി ചെയ്യുമെന്ന്‌ മുഖ്യമന്ത്രിതന്നെ ഉറപ്പ്‌ നൽകിയിട്ടുണ്ട്‌. കർഷകസംഘവും സിപിഐ എമ്മും ഹൈറേഞ്ച്‌ സംരക്ഷണ സമിതിയും ചേർന്ന്‌ നടത്തിയ സജീവ ഇടപെടലിൽ 16ന്‌ തിരുവനന്തപുരത്ത്‌ ചർച്ച നടത്താനും തീരുമാനമായി. എന്നാൽ, രാഷ്ട്രീയ മുതലെടുപ്പിനായി ഉദ്യോഗാർഥികളെയും ജനങ്ങളെയും വലച്ച്‌ യുഡിഎഫ്‌ നടത്തുന്ന ഹർത്താലിനെതിരെ പ്രതിഷേധമുയരുകയാണ്‌.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top