10 October Thursday
ഭിന്നതയിൽ തന്നെ

മുസ്ലിം ലീ​ഗ്–കോണ്‍​ഗ്രസ് കലഹം: അതൃപ്‍തി ആവര്‍ത്തിച്ച് ഡിസിസി പ്രസിഡന്റ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024
തൊടുപുഴ
പ്രശ്‌നം പരിഹരിക്കാൻ യുഡിഎഫ്‌ സംസ്ഥാന നേതൃത്വം മൂന്നംഗ സമിതിയെ നിയോഗിച്ചിരിക്കെ മുസ്ലിം ലീ​ഗിനോടുള്ള അതൃപ്‍തി ആവർത്തിച്ച് ഡിസിസി പ്രസിഡന്റ് സി പി മാത്യു. തൊടുപുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് കോൺ​ഗ്രസ്–- ലീ​ഗ് തർക്കത്തിന് ഇതുവരെ പരിഹാരമായിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് സൂചിപ്പിച്ചത്. പ്രശ്‍നങ്ങളില്ലെന്ന് പറഞ്ഞുതുടങ്ങിയ സി പി മാത്യു തങ്ങൾ കുറ്റമൊന്നും ചെയ്‍തിട്ടില്ലെന്നും ഉപ്പുതിന്നവൻ വെള്ളംകുടിച്ചാൽ മതിയല്ലോ എന്നും പറഞ്ഞു. കാലുമാറി വോട്ടുചെയ്‍തിട്ട് വകുപ്പും ചട്ടവും പറഞ്ഞിട്ട് കാര്യമില്ല. യുഡിഎഫ് വോട്ടുകൾ വാങ്ങി വിജയിച്ചവരല്ലേ അവർ. മുന്നണി മര്യാദ പാലിച്ച് മുന്നോട്ടുപോയാൽ മുന്നണിയുടെ കൂടെയുണ്ടാകും. ഇല്ലെങ്കിൽ മുന്നണിക്ക് പുറത്തുപോകുമോ എന്ന ചോദ്യത്തോട്‌  അത് തീരുമാനമെടുക്കേണ്ടത് താനല്ലെന്നായിരുന്നു മറുപടി. യുഡിഎഫ് സംസ്ഥാനതലത്തിൽ മൂന്നം​ഗ സമിതിയെ നിയോ​ഗിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം യുഡിഎഫിന്റെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ നടത്തിയ സമരത്തിൽനിന്ന് ലീ​ഗ് പ്രതിനിധികൾ വിട്ടുനിന്നു–-സി പി മാത്യു പറഞ്ഞു. വഴക്ക് അങ്ങനെതന്നെ നിൽക്കുകയാണല്ലോ എന്ന് ചൂണ്ടിക്കാണിച്ചപ്പോൾ നിന്നുമടുക്കുമ്പോൾ ഇരിക്കുമെന്നും കുറച്ചുകഴിഞ്ഞാൽ കിടക്കുമെന്നും ആരെങ്കിലും വിളിച്ചെഴുന്നേൽപ്പിച്ചാൽ എണീക്കുമെന്നും പറഞ്ഞ് ആക്ഷേപിച്ചു.
തർക്കമുണ്ടായി ഒരുമാസമാകുമ്പോൾ ലീ​ഗ് നിസഹകരണത്തിൽ ഉറച്ചുനിൽക്കുകയാണ്. ഡീൻ കുര്യാക്കോസ് എംപിക്ക് യുഡിഎഫ് കരിമണ്ണൂരിൽ നൽകിയ സ്വീകരണത്തിൽ ലീ​ഗ് പങ്കെടുത്തില്ല. പിന്നാലെ നിരവധി ഐഎൻടിയുസി പ്രവർത്തകർ സംഘടനവിട്ട് ലീ​ഗിന്റെ എസ്‍ടിയുവിൽ ചേർന്നു. ഇതിന് തുടർച്ചയാണ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ സമരത്തിൽനിന്ന് വിട്ടുനിന്നത്. പ്രശ്‍നത്തിൽ പരിഹാരമാകുന്നതുവരെ പ്രഖ്യാപിച്ച നിസഹകരണം തുടരുമെന്ന് ലീ​ഗ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 
മുല്ലപ്പെരിയാര്‍ അണക്കെട്ട്  ഡികമീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍​ഗ്രസ് തിരുവോണനാളില്‍ ഉപവാസ സമരം നടത്തുന്നുവെന്ന് അറിയിക്കാനാണ് സി പി മാത്യു വാര്‍ത്താസമ്മേളനത്തിനെത്തിയത്. എന്നാല്‍ വിഷയത്തില്‍ തമിഴ്‍നാട്ടിലെ കോണ്‍​ഗ്രസിന്റെ നിലപാട് ചോദിച്ചപ്പോള്‍ അറിയില്ലെന്നും അവര്‍ക്ക് അവരുടേതായ തീരുമാനങ്ങളുണ്ടെന്നും പറഞ്ഞൊഴിഞ്ഞു. 2011ല്‍ നടന്ന ജനകീയ സമരത്തെ വഞ്ചിച്ച നിലപാടായിരുന്നു കോണ്‍​ഗ്രസ് സ്വീകരിച്ചത്. അന്ന് കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണമുണ്ടായിട്ടും ഇടുക്കി എംപി കോണ്‍​ഗ്രസിന്റേതായിട്ടും വിഷയം പരിഹരിക്കാനായില്ലല്ലോ എന്ന ചോദ്യത്തിന് അന്നത്തെ സര്‍ക്കാര്‍ നടപടി മോശമായതുകൊണ്ടാണല്ലോ കേന്ദ്രത്തിലും കേരളത്തിലും ഭരണം നഷ്‍ടമായതെന്നായിരുന്നു മറുപടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top