28 October Thursday
സ്വകാര്യ കമ്പനികൾ പിടിമുറുക്കി

ഏലയ്ക്ക വില കുത്തനെ ഇടിയുന്നു

ബേബിലാൽUpdated: Sunday Sep 12, 2021
രാജാക്കാട്
സ്വകാര്യ കമ്പനികൾ വിപണിയിൽ പിടിമുറുക്കിയതോടെ ഏലം വില കുത്തനെ ഇടിഞ്ഞു. വിപണനത്തിന്റെ നിയന്ത്രണം സ്വകാര്യ കമ്പനികളെ മാത്രം ആശ്രയിച്ചായതാണ് വിനയായതെന്ന് കർഷകർ പറയുന്നു. 
   തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിൽ വെള്ളിയാഴ്ച നടന്ന കെസിപിഎംസിയുടെ ഓൺലൈൻ ലേലത്തിൽ ശരാശരി വില 1050 രൂപയായിരുന്നു. രാവിലെ നടന്ന മറ്റൊരു കമ്പനിയുടെ ലേലത്തിൽ ശരാശരി വില 1,113 രൂപയും. ഇത് സൂചിപ്പിക്കുന്നത് ഓരോ ലേലത്തിലും ശരാശരി വില താഴ്‌ന്നുവെന്നാണ്.
     ഇപ്പോഴത്തെ രീതിയിൽ വില താഴ്‌ന്നാൽ അടുത്ത ആഴ്ചയോടെ ശരാശരി വില ആയിരത്തിൽ താഴെയാകും. കഴിഞ്ഞ ആഴ്ച ശരാശരി വില 1150 രൂപയായിരുന്നു. ഏലയ്‌ക്ക വിപണനത്തിന്റെ കുത്തക തമിഴ്നാട്ടിലേക്ക് മാറിയതോടെ ഏജന്റുമാരും ഉത്തരേന്ത്യൻ കച്ചവടക്കാരും ഏലയ്‌ക്ക വിപണനത്തിന്റെ കുത്തക കൈക്കലാക്കി. സ്വകാര്യ കമ്പനികളിൽ നടക്കുന്ന ലേലത്തിൽ ദിവസേന വാങ്ങേണ്ട ഏലയ്‌ക്കയുടെ അളവും വിലയും ഈ കുത്തക വ്യാപാരികളാണ് നിയന്ത്രിക്കുന്നത്‌. ഈ കൂട്ടുകെട്ടിനെ മറികടക്കാൻ കേരളത്തിലെ കർഷകർക്കോ വ്യാപാരികൾക്കോ സാധിക്കില്ല. ഇവരുടെ കുത്തക തകർക്കാൻ സ്‌പൈസസ് ബോർഡും ഒരു നീക്കവും നടത്തുന്നില്ല. 
    കേന്ദ്രസർക്കാറിന്റെ പുതിയ കാർഷിക നിയമത്തിന്റെ പിൻബലത്തിലാണ് സ്വകാര്യകമ്പനികളുടെ ലേലരംഗത്തെ കടന്നുകയറ്റമുണ്ടായത്‌. ഇതോടെ പുറ്റടി സ്‌പൈസസ് പാർക്കിൽ സ്പൈസസ് ബോർഡ് നിയന്ത്രണത്തിൽ നടന്ന ലേലം ഇല്ലാതായി. സ്പൈസസ് ബോർഡിനെതിരെ കടുത്ത അമർഷത്തിലാണ്‌ കർഷകർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top