23 September Wednesday

നിലയ്‌ക്കാതെ കണ്ണീർപ്രവാഹം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020

മണ്ണിനടിയിൽപ്പെട്ട വനം വകുപ്പിന്റെ ജീപ്പ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊക്കിയെടുക്കുന്നു

 മൂന്നാർ 

പെട്ടിമുടിയിൽ കുന്നിറങ്ങിയ ദുരന്തത്തിൽ നാലുദിവസങ്ങൾ പിന്നിടുമ്പോഴും കണ്ണീർപ്രവാഹം നിലയ്‌ക്കുന്നില്ല. മഴയും കുത്തിയൊഴുകുന്ന പുഴയും കരിമ്പാറകളും അവഗണിച്ച്‌ ‌എവിടെയോ മറഞ്ഞിരിക്കുന്ന പ്രിയരെ തേടുകയാണിവർ. പാറകൾ പൊട്ടിച്ചും കൂടുതൽ ആഴത്തിൽ തെരച്ചിൽ നടത്തിയുമൊക്കെ രക്ഷാപ്രവർത്തകരും സർക്കാർ സംവിധാനങ്ങളും ഉഴുതുമറിക്കുകയാണ്‌ ജീവന്റെ ആർത്തനാദങ്ങളെ തേടി. ഇരവികുളത്തെ വനംവകുപ്പ്‌ ജീവനക്കാരിയായ രേഖയെ കാത്തിരുന്ന സഹപ്രവർത്തകർക്ക്‌ മുന്നിൽ ചൊവ്വാഴ്‌ച പുഴയുടെ ആഴത്തിൽനിന്ന്‌ ലഭിച്ചത്‌ രേഖയുടെ നിശ്ചലമായ ശരീരമാണ്‌. എന്നും കാണുന്ന ചെല്ലയ്യയുടെയും രാജയ്യയുടെയും മൃതദേഹങ്ങളും ഒപ്പമെത്തിയതോടെ കൂട്ടനിലവിളിയായി. നാലുനാളത്തെ തെരച്ചിലിനൊടുവിൽ ആകെ 52 പേരുടെ മൃതദേഹമാണ്‌ കിട്ടിയത്‌. 
 ദുരന്തമുഖത്തുനിന്ന് അഞ്ച്‌ കിലോമീറ്ററിലധികം ദൂരത്തിൽ പുഴയിൽ തെരച്ചിൽ നടത്തി. പുഴയിൽനിന്നാണ്‌ അഞ്ചുമൃതദേഹങ്ങൾ ലഭിച്ചത്‌. കോവിഡ് ആശങ്ക ഉയർന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തകർ നിലയുറപ്പിച്ചിട്ടുള്ള ഭാഗത്തും മറ്റും രാവിലെ അണുനാശിനി തളിച്ച് ജാഗ്രത കടുപ്പിച്ചു. പെട്ടിമുടിയിൽ ദുരന്തത്തിൽനിന്ന്‌ രക്ഷപ്പെട്ട ഒരു കുടുംബമുൾപ്പെടെ 65 കുടുംബങ്ങളെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.  ചൊവ്വാഴ്‌ചത്തെ തെരച്ചിലിനുശേഷം എസ്‌ രാജേന്ദ്രൻ എംഎൽഎ, സബ്‌ കലക്ടർ എസ്‌ പ്രേംകൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിൽ പെട്ടിമുടിയിൽ യോഗംചേർന്ന് സ്ഥിതിഗതി വിലയിരുത്തി. ഇനി കണ്ടെത്താനുള്ള 18 പേരിൽ ഒമ്പതുപേർ വിടരുംമുമ്പേ കൊഴിഞ്ഞ കുട്ടികളാണ്‌. പുഴയിലേക്ക്‌ ദുരന്തത്തോടൊപ്പം വന്ന കരിമ്പാറകളിൽ ഞെരിഞ്ഞമർന്ന അവരെ തേടിയാണ്‌ ബുധനാഴ്‌ച പുലരുന്നത്‌. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top