12 August Wednesday

അതിർത്തികളിൽ പരിശോധന ശക്തമാക്കും: കലക്ടർ

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020

 

ഇടുക്കി 
ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അതിർത്തി പ്രദേശമുൾപ്പെടെ ജില്ലയുടെ എല്ലാ മേഖലകളിലും പരിശോധന ശക്തമാക്കുമെന്ന് കലക്ടർ എച്ച് ദിനേശൻ അറിയിച്ചു. പ്രവാസികളും ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ എത്തുന്നവരും കർശന ക്വാറന്റൈൻ പാലിക്കുന്നുണ്ടോയെന്നും വ്യാപാരസ്ഥാപനങ്ങൾ പാലിക്കേണ്ട നിർദേശങ്ങൾ, പൊതുജനങ്ങൾ സാമൂഹ്യ അകലം, മാസ്‌ക് ധരിക്കൽ തുടങ്ങിയ പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കും. 
പൊലീസ്, റവന്യു വകുപ്പുകളുടെ പ്രത്യേക ടീമുകൾ പരിശോധന നടത്തുകയും വീഴ്ച വരുത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. താലൂക്ക് തലത്തിൽ ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിലാണ് ടീം പ്രവർത്തിക്കുന്നത്. കുമളി അതിർത്തി വഴി ഇതരസംസ്ഥാനത്തുനിന്ന്‌ ആളുകൾ കൂടുതലായി എത്തുന്നുണ്ട്. അന്തർസംസ്ഥാന വിഷയമായതുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പാസുകൾ ലഭ്യമാകുന്നത്. 
 ഓട്ടോ അപ്രൂവൽ ആയതുകൊണ്ട് അപേക്ഷ നൽകിയാലുടൻ അനുമതി ലഭിക്കുന്നു. എങ്കിലും ഇവിടേക്ക്‌ എത്തുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കുന്നുണ്ട്. കുമളി വഴി എത്തുന്ന എല്ലാവരുടെയും വിവരങ്ങൾ അതത് പ്രദേശത്തെ ആരോഗ്യ, പൊലീസ് വിഭാഗങ്ങളെ അപ്പോൾതന്നെ അറിയിക്കുകയും വേണ്ട നടപടികൾ കൃത്യമായി സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന്‌ വാർത്താസമ്മേളനത്തിൽ കലക്ടർ അറിയിച്ചു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top