18 June Tuesday

ഏലത്തോട്ടങ്ങൾ വീണ്ടും പൂവിടുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019
നെടുങ്കണ്ടം
ഏലം കർഷകർക്ക‌് ആശ്വാസമായി കാലവർഷം. വേനൽമഴ പ്രതീക്ഷിച്ചത്ര ലഭിക്കാത്തതും കടുത്ത വേനലും കാരണം ഏലത്തോട്ടങ്ങൾ വ്യാപകമായി കരിഞ്ഞുണങ്ങുകയും ഉൽപാദനം ഗണ്യമായി കുറയുകയും ചെയ്തിരുന്നു. തുടർന്ന‌് ഒട്ടുമിക്ക തോട്ടങ്ങളിലും പണികൾ നിർത്തിവച്ചു. ഇതോടെ ആയിരക്കണക്കിന‌് തൊഴിലാളികളുടെ ഉപജീവന മാർഗവും വഴിമുട്ടി. വേനൽക്കാലത്ത് ജലസ്ത്രോതസ്സുകളെല്ലാം വറ്റിവരണ്ടതിനാൽ ഒട്ടുമിക്ക തോട്ടങ്ങളിലും ജലസേചനം ഉൾപ്പടെയുള്ള പണികൾ നിർത്തിവയ‌്ക്കേണ്ടി വന്നു. മെച്ചപ്പെട്ട ഉൽപാദനം ലഭിച്ച വർഷങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവന്നാണ് തോട്ടങ്ങളിലെ പണികൾ നടത്തിയിരുന്നത്. എന്നാൽ, വേനൽ ചതിച്ച ഈ വർഷം ഇതരസംസ്ഥാന തൊഴിലാളികളെയടക്കം മടക്കി അയക്കേണ്ടി വന്നു.
കാലവർഷം ആരംഭിച്ചതോടെ ഏലത്തോട്ടം മേഖലയ്ക്ക‌് വീണ്ടും പുത്തനുണർവ‌് ലഭിച്ചിരിക്കുകയാണ‌്. കരിഞ്ഞുണങ്ങിയ ചെടികൾക്ക് പകരം പുനർ കൃഷിയിറക്കുന്നതിനുള്ള കുഴിയെടുക്കൽ, തട്ട നടൽ, അവശേഷിക്കുന്ന തോട്ടങ്ങളിലെ കളനീക്കൽ, ഉണങ്ങിയ തട്ടകളും മറ്റും നീക്കം ചെയ്യൽ, മണ്ണിന്റെ അമ്ലാംശം ഒഴിവാക്കുന്നതിന് കുമ്മായ പ്രയോഗം, ചാണകം ഉൾപ്പടെയുള്ള ജൈവ വളപ്രയോഗം തുടങ്ങിയ പണികളാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. പുനർകൃഷി ഇറക്കണമെങ്കിൽ ഇളം തട്ടകൾ ആവശ്യമാണ്. ഈ തട്ടകൾക്ക‌് വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. 
അതേസമയം നടീൽ വസ്തുക്കളുടെ വില വർധിച്ചത‌ും കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട‌്. മുൻ വർഷങ്ങളിൽ ചിമ്പൊന്നിന്ന് 20 മുതൽ 40 രൂപ വരെ മാത്രമായിരുന്നു തട്ടയുടെ വില. ഇപ്പോൾ 100 മുതൽ 150 രൂപ വരെയാണ‌് വില. നേരത്തെ പുനർകൃഷി ഉൾപ്പെടെ ഏലത്തിന് സ്പൈസസ് ബോർഡ് നൽകിയിരുന്ന സബ്സിഡികളെല്ലാം നിർത്തലാക്കിയിരിക്കുകയാണ്.
ഇതും കർഷകർക്ക് തിരിച്ചടിയായി. അതേസമയം കഴിഞ്ഞ രണ്ടു മൂന്ന‌് വർഷമായി മെച്ചപ്പെട്ട വില ലഭിച്ചതും ഈ വർഷം വില സർവകാല റെക്കോർഡും ഭേദിച്ച് 4000 രൂപ കടന്നതും ഏലക്കർഷകർക്ക‌് പ്രതീക്ഷ നൽകുന്നുണ്ട‌്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top