18 June Tuesday

കള്ളവോട്ട‌്; കോടിക്കുളം സഹ. ബാങ്ക‌് ഭരണസമിതി പിരിച്ചുവിട്ട‌ു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019
കോടിക്കുളം
കോടിക്കുളം സർവീസ‌് സഹകരണ ബാങ്കിലെ യുഡിഎഫ‌് ഭരണസമിതിയെ പിരിച്ചുവിട്ട‌് അഡ‌്മിനിസ‌്ട്രേറ്റർ ഭരണം ഏർപ്പെടുത്തി സഹകരണസംഘം ജോയിന്റ‌് രജിസ‌്ട്രാറുടെ ഉത്തരവ‌്. കള്ളവോട്ടുകളിലൂടെയാണ‌് ഭരണം പിടിച്ചെടുത്തതെന്ന‌് കണ്ടെത്തിയതിനെ തുടർന്നാണ‌് നടപടി. തൊടുപുഴ സഹകരണസംഘം അസിസ‌്റ്റന്റ‌് രജിസ‌്ട്രാർക്കാണ‌് താൽകാലിക ഭരണചുമതല കൈമാറിയത‌്.
ബാങ്കിലെ ഒരു സഹകാരി സഹകരണ ആർബിട്രേറ്റർക്ക‌് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. 2014നാണ‌് ബാങ്ക‌് ഭരണസമിതിലേക്ക‌് തെരഞ്ഞെടുപ്പ‌് നടന്നത‌്. ഇതിന‌് മുന്നോടിയായി തിരക്കിട്ട‌് തട്ടികൂട്ടിയാണ‌് വോട്ടേഴ‌്സ‌് ലിസ‌്റ്റ‌് തയ്യാറാക്കിയത‌്. ഇതിൽ സഹകരണ ആക്ടിന‌് വിരുദ്ധമായി 18 വയസ്സ‌് പൂർത്തിയാകാത്ത നിരവധിപേരെ അംഗങ്ങളായി ചേർത്തിരുന്നു. മരിച്ചവരും വിദേശത്തുള്ളവരും വോട്ടു ചെയ‌്തതായും അന്വേഷണത്തിൽ കണ്ടെത്തി. ഒരാൾ തന്നെ വ്യത്യസ‌്ത പേരുകളിൽ സമ്മതിദാനം വിനിയോഗിച്ചതും വെളിപ്പെട്ടു. വെറും രണ്ടുമണിക്കൂർകൊണ്ട‌് 754 പേരെ വോട്ടർമാരായി ലിസ്റ്റിൽചേർത്തും യുഡിഎഫ‌് ഭരണസമിതി ‘അത‌്ഭുതം’ സൃഷ്ടിച്ചു. ഇതിൽ നൂറിലേറെ പേരുടെ മേൽവിലാസവും വ്യാജമായിരുന്നു. ഒരു വ്യക്തി സമാനസ്വഭാവമുള്ള ഒന്നിലേറെ സംഘങ്ങളിൽ അംഗമാകരുതെന്ന നിയമം നിലവിലുണ്ട‌്. എന്നാൽ, ഇതിന‌് വിരുദ്ധമായി ഒന്നിലേറെ സംഘങ്ങളിൽ അംഗത്വമുള്ളവർ ഇവിടെ വോട്ട‌് ചെയ‌്തതായും തെളിഞ്ഞു.
 കൂടാതെ വ്യത്യസ‌്ത‌ അംഗനമ്പരുകളിലും വോട്ട‌് ചെയ‌്തിട്ടുണ്ട‌്. ഇതെല്ലാം കള്ളവോട്ടാണെന്ന‌് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ‌് നടപടി. നാലുവർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ‌് യുഡിഎഫിന്റെ മുഖംമൂടി അഴിഞ്ഞുവീണത‌്. യുഡിഎഫ‌് മന്ത്രിസഭയുടെ കാലത്ത‌് ഭരണസ്വാധീനം ഉപയോഗിച്ച‌് തെറ്റായ മാർഗത്തിലൂടെ സഹകരണസ്ഥാപനം പിടിച്ചെടുത്തവർക്കുള്ള കനത്ത പ്രഹരമാണിതെന്ന‌് സിപിഐ എം കരിമണ്ണൂർ ഏരിയ സെക്രട്ടറി എൻ സദാനന്ദൻ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top