Deshabhimani

കേരളത്തെ സാമ്പത്തികമായി ഉപരോധിക്കുന്ന മോദിസർക്കാരിന്‌ കോൺഗ്രസ്‌ കൈയടിക്കുന്നു: പി കെ ബിജു

വെബ് ഡെസ്ക്

Published on Dec 11, 2024, 02:47 AM | 0 min read

വണ്ടൻമേട്‌
കേരളത്തെ സാമ്പത്തിക പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്ന മോദി സർക്കാരിന്‌ കൈയടിക്കുന്ന നിലപാടാണ്‌ കോൺഗ്രസ്‌ സ്വീകരിക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു. വണ്ടൻമേട്‌ ഏരിയ സമ്മേളനത്തിന്റെ സമാപനത്തോട്‌ അനുബന്ധിച്ച്‌ സീതാറാം യെച്ചൂരി നഗറിൽ(അണക്കര ടൗൺ) പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്‌ അവകാശപ്പെട്ട നികുതി വിഹിതംപോലും നൽകാൻ തയ്യാറാകുന്നില്ല. 1.5 ലക്ഷം കോടി രൂപയാണ്‌ നൽകാനുള്ളത്‌. കോൺഗ്രസും ബിജെപിയും ഒരുമിച്ചുചേർന്നാണ്‌ കേരളത്തിനെതിരെ നിൽക്കുന്നത്‌. കേരളത്തിൽ അവർ ഭായി–ഭായിയാണ്‌.
വയനാട്‌ ദുരന്തത്തോട്‌ കേന്ദ്ര സർക്കാർ പൂർണമായും മുഖംതിരിച്ചു. സംസ്ഥാന സർക്കാർ 2500 കോടി രൂപ സഹായം ആവശ്യപ്പെട്ടു. നാല്‌ മാസം കാത്തിരുന്നു. ഒരു രൂപ പോലും തന്നില്ലെന്നു മാത്രമല്ല രക്ഷാപ്രവർത്തനത്തിന്‌ പണം ചോദിച്ചുവാങ്ങി.
അർഹതപ്പെട്ട പണത്തിനായി നമുക്ക്‌ സുപ്രീം കോടതിയെ സമീപിക്കേണ്ടിവന്നു. 1300 കോടി അടിയന്തരമായി നൽകാൻ കോടതി പറഞ്ഞു. കേരളത്തിനുവേണ്ടി, നമ്മുടെ അവകാശങ്ങൾക്കുവേണ്ടി സിപിഐ എം സന്ധിയില്ലാതെ പോരാടികൊണ്ടേയിരിക്കും.
പ്രതിസന്ധികൾക്കു നടുവിലും കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്കൊപ്പമാണ്‌ എൽഡിഎഫ്‌ സർക്കാർ. വാഗ്‌ദാനങ്ങൾ ഓരോന്നായി പാലിച്ച്‌ മുന്നേറുകയാണ്‌. നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരത്തിനൊപ്പമെത്താൻ മറ്റു സംസ്ഥാനങ്ങൾക്ക്‌ അൻപതോ നൂറോവർഷം കഴിയണം. 680 കുടുംബാരോഗ്യ കേന്ദ്രങ്ങളുള്ള കേരളം ആരോഗ്യ രംഗത്തും സമാനതകളില്ലാത്ത മുന്നേറ്റം കൈവരിച്ചു. നീതി ആയോഗ്‌ രാജ്യത്തെ മികച്ച ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കിയപ്പോൾ ആദ്യ 10 സ്ഥാനത്തും കേരളത്തിലെ ആശുപത്രികളായിരുന്നു.  
യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഉപേക്ഷിച്ച പല പദ്ധതികളും എൽഡിഎഫ്‌ സർക്കാർ യാഥാർഥ്യമാക്കി. മലയോര ഹൈവേ ഉൾപ്പെടെ ഇടുക്കിക്കാർക്ക്‌ തൊട്ടറിയാൻ കഴിയുന്ന വികസനങ്ങളാണ്‌ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയതെന്നും പി കെ ബിജു പറഞ്ഞു.
ഏരിയ സെക്രട്ടറി ടി എസ്‌ ബിസി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി വി വർഗീസ്‌, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ എസ് മോഹനൻ, ആർ തിലകൻ, ജില്ലാ കമ്മിറ്റിയംഗം കെ ആർ സോദരൻ എന്നിവർ സംസാരിച്ചു.


deshabhimani section

Related News

0 comments
Sort by

Home