13 December Friday
അലർട്ടുകൾ

അഞ്ചുനാട്ടിലെ വിനോദസഞ്ചാ‌രം താറുമാറായി

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019
മറയൂർ
തുടർച്ചയായി നൽകിയ അലർട്ടുകൾ അഞ്ചുനാട്ടിലെ വിനോദസഞ്ചാര മേഖലയെ തകർത്തു. പ്രകൃതിദുരന്തങ്ങൾ ഉണ്ടായപ്പോഴെല്ലാം സുരക്ഷിത മേഖലയായിരുന്ന മറയൂർ, കാന്തല്ലൂർ മേഖല സഞ്ചാരികൾക്ക് പ്രിയമായി മാറിയിരുന്നു. ദീപാവലി ദിനങ്ങളിൽ മറയൂർ മേഖലയിലെത്തേണ്ടിയിരുന്ന 60 ലധികം പാക്കേജുകളാണ്‌ അവസാന നിമിഷം വേണ്ടെന്നുവച്ചത്‌. 
മൺസൂൺ ടൂറിസത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ് ഇപ്പോൾ മറയൂർ, കാന്തല്ലൂർ മേഖലയിലുള്ളത്. വശ്യഭംഗിയേറിയ നിരവധി സുരക്ഷിത വെള്ളച്ചാട്ടങ്ങളും പച്ചക്കറി പാടങ്ങളും മുനിയറകളും ഗുഹകളും ചന്ദനക്കാടുകളും കരിമ്പിൻ പാടങ്ങളും സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാകുന്നു. മൂന്നാർ–- മറയൂർ സംസ്ഥാന പാതയിലെ ലക്കം വെള്ളച്ചാട്ടത്തിൽ ആയിരത്തിലധികം സഞ്ചാരികളാണ് ദിവസംതോറും എത്തിയിരുന്നത്. അലർട്ടുകൾ പ്രഖ്യാപിച്ചതോടെ സഞ്ചാരികളുടെ എണ്ണം നൂറിൽ താഴെയായി. ചിന്നാർ വന്യജീവി സങ്കേതത്തിലെ തൂവാനം ട്രക്കിങ്ങിനിപ്പോൾ ആളില്ലാതായി. 
അടുത്തിടെ പെരിയവരൈ പാലം പുനർനിർമിച്ചെങ്കിലും വെള്ളിയാഴ്ച രാത്രി പാലത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ മറയൂർ, മൂന്നാർ മേഖലയിൽ മുൻകൂട്ടി ബുക്ക് ചെയ്ത ആയിരക്കണക്കിന് സഞ്ചാരികൾ യാത്ര ഒഴിവാക്കി. ശനിയാഴ്ച മാത്രം മറയൂർ മേഖലയിൽ ആയിരത്തിലധികം സഞ്ചാരികളുടെ ബുക്കിങ്ങാണ്‌ റദ്ദാക്കിയത്‌. ഞായറാഴ്ച ചെറുവാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയതാണ്‌ ആശ്വാസം.
 
 
പ്രധാന വാർത്തകൾ
 Top