07 December Tuesday

ആനക്കാട്ടിലൂടെ ഓടിക്കയറി 
ആവേശാരവങ്ങളിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

ഡാം ടു ഡാം മാരത്തൺ കുളമാവ് അണക്കെട്ട് പരിസരത്ത് കലക്ടർ ഷീബ ജോർജ് ഫ്‌ളാഗ്ഓഫ് ചെയ്യുന്നു

ഇടുക്കി
ആനക്കാടുകൾ താണ്ടി കുളമാവ്‌ അണക്കെട്ടിൽനിന്ന്‌ ചെറുതോണി അണക്കെട്ടിലേക്ക്‌ ഓടിക്കയറിയെത്തി മഹാമാരിയെ മറികടന്ന കായികക്കുതിപ്പിന്റെ ആവേശം. സംസ്ഥാനത്തെ 150 കായികതാരങ്ങൾ പങ്കെടുത്ത മാരത്തണിൽ സ്‌പോർട്‌സ്‌മാൻ സ്‌പിരിറ്റ്‌ ഒട്ടും ചോരാതെ ജേഴ്‌സിയും സ്‌പൈക്ക്‌സും അണിഞ്ഞ്‌ മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ റോമിയോ സെബാസ്റ്റ്യൻ, വികസന കമീഷണർ അർജുൻ പാണ്ഡ്യൻ, ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസാമി തുടങ്ങിയവർ അണിനിരന്നു. 
ഞായർ രാവിലെ ഏഴിന്‌ കുളമാവ്‌ അണക്കെട്ടിൽ മാരത്തണ്ണിന്‌ കലക്ടർ ഷീബ ജോർജ്‌ ഫ്ലാഗോഫ്‌ ചെയ്‌തതോടെ അത്‌ലറ്റിക്‌സിന്റെയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ഈറ്റില്ലമായ ജില്ലയുടെ കായികമുന്നേറ്റങ്ങൾക്ക്‌ നവതുടക്കം. 27 കിലോമീറ്റർ താണ്ടി ചെറുതോണി അണക്കെട്ട്‌ പരിസരത്താണ്‌ ഓട്ടം അവസാനിച്ചത്‌. കോതമംഗലം എംഎ കോളേജിലെ താരങ്ങളായ ദേവരാജ് ഒന്നാമതായും ഷെറിൻ രണ്ടാമതായും വിജയവര തൊട്ടു. ജില്ലാ വികസന കമീഷണറേറ്റ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, കെസ്ട്രൽ അഡ്വഞ്ചേഴ്‌സ്, മൂന്നാർ മാരത്തൺ എന്നിവരാണ് മാരത്തണിന്റെ സംഘാടകർ. ഡാം ടു ഡാം മാരത്തണിന്റെ സമാപനച്ചടങ്ങിൽ ഡീൻ കുര്യാക്കോസ്‌ എംപി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ, ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണ ശർമ, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, പഞ്ചായത്തംഗം നിമ്മി ജയൻ, ഡിടിപിസി സെക്രട്ടറി പി എസ്‌ ഗിരീഷ്, സജി തടത്തിൽ, ജലാലുദീൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top