15 November Friday
വീട് തകര്‍ത്തു

നാശംവിതച്ച്‌ ഒറ്റയാന്റെ വിളയാട്ടം

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2019

കാട്ടാനക്കൂട്ടം തകർത്ത വീട്‌

 

 
മറയൂർ
മറയൂരിലെ ജനവാസകേന്ദ്രത്തിൽ കടന്ന ഒറ്റയാൻ മണിക്കൂറോളം ഭീതി പടർത്തി. മറയൂർ പത്തടിപ്പാലം പട്ടം കോളനി ഭാഗത്താണ് കഴിഞ്ഞദിവസം ഒറ്റയാൻ ഇറങ്ങിയത്. രാത്രി പതിനൊന്നരയോടെയാണ് ജനവാസ കേന്ദ്രത്തിലേക്ക് ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽനിന്ന് കാട്ടാന എത്തിയത്. കാട്ടാന പട്ടം കോളനിയിലെ കൃഷ്ണന്റെ വീടിന്റെ മുൻവശം ഭാഗികമായി തകർത്തു. ഈ സമയത്ത് ഭാര്യ ലക്ഷ്‌മി, മകൻ രാമർ മഹാലക്ഷ്‌മി, ചെറിയ കുട്ടികളായ ഗോകുൽ, സാധന എന്നിവർ വീട്ടിലുണ്ടായിരുന്നു.
 വീട്‌ തകർത്തശേഷം കാട്ടാന സമീപത്തുള്ള കൃഷിയിടങ്ങളിലേക്ക് ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കാട്ടുകൊമ്പൻ ആക്രമണകാരിയായതിനാൽ ജനങ്ങൾക്ക്‌ വീടുകളിൽനിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. 
സമീപവാസികൾ മറയൂർ വനം വകുപ്പ് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി കാട്ടാനയെ തുരത്താൻ ശ്രമിച്ചെങ്കിലും പിൻമാറേണ്ടി വന്നു.
  ഇതിനിടെ കർഷകനായ ലൂയിസിന്റെ തോട്ടത്തിലെ 80 ഞാലിപ്പൂവൻ വാഴകളും പെരിയമണി, സരോജിനി എന്നിവരുടെ കരിമ്പിൻ തോട്ടങ്ങളും നശിപ്പിച്ചു. പത്മിനി, ചെല്ലമ്മാൾ എന്നിവരുടെ കൃഷിയിടങ്ങളും ഭാഗികമായി നശിപ്പിക്കപ്പെട്ടു. വനപാലകർ രാത്രിയിൽ മറയൂർ ടൗണിലെത്തി പടക്കവും മറ്റും വാങ്ങി പൊട്ടിച്ചതിനെ തുടർന്ന് പുലർച്ചെ മൂന്നോടെയാണ്‌ കാട്ടാന വനമേഖലയിലേക്ക് മടങ്ങിയത്. വീടുകളുടെ ഇടയിലൂടെ ഒട്ടും ഭീതിയില്ലാതെ സഞ്ചരിച്ച ഒറ്റയാൻ വീണ്ടും എത്തുമോ എന്ന ഭീതിയിലാണ് പത്തടിപ്പാലം നിവാസികൾ.
 
 
പ്രധാന വാർത്തകൾ
 Top