17 September Tuesday

ഓണനിറവില്‍ മലയോരം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

ഓണാഘോഷത്തോടനുബന്ധിച്ച് അടിമാലി എസ്എന്‍ഡിപി ബിഎഡ് ട്രെയിനിങ്‌ കോളേജിലെ വിദ്യാർഥികളുടെ തിരുവാതിരകളി

 അടിമാലി

പ്രളയം തീർത്ത തീരാദുരിതങ്ങൾക്കും വേദനകൾക്കും വിടനൽകി മലയോരവും ഓണനിറവിലായി. കഴിഞ്ഞ വർഷത്തെ നൂറ്റാണ്ടുകണ്ട മഹാമാരിയെയും പ്രളയത്തെയും അതിജീവിച്ച് കുടിയേറ്റ ജനത സാധാരണ നിലയിലേയ്ക്കെത്തി.  
പ്രളയം  കഴിഞ്ഞ വർഷം മലയോരജനതയ്ക്ക് നൽകിയത് ദുരിതങ്ങൾ മാത്രമായിരുന്നു. എന്നാൽ  നവകേരള നിർമിതിക്കായി സർക്കാർ നൽകിയ ഇടപെടലുകൾ മലയോരത്തേയും ഉണർത്തി. ഇന്നിവർ അതിജീവനത്തിന്റെ പാതയിലാണ്. നഷ്ടപ്പെട്ടതെല്ലാം പതിയെ തിരികെപ്പിടിച്ചു തുടങ്ങിയിരിക്കുന്നു. കാട് വെട്ടിത്തെളിച്ച് ദുരിതങ്ങളോട് പടവെട്ടി മണ്ണ് പൊന്നാക്കി മാറ്റിയവരാണ് ഇവിടുത്തെ കർഷകർ. കാർഷിക മേഖലയുടെ തകർച്ചയും ഓർക്കാപ്പൂറത്തെ മഹാമാരിയും ഇവരുടെ പ്രതീക്ഷകൾ തകർത്തു. എന്നാൽ ഇവിടെ ജനകീയ സർക്കാരിന്റെ സഹായം നാടിന് കരുതലും താങ്ങുമായി. തൊടിയിൽനിന്ന്‌ കൂടയിൽ പൂക്കൾ ശേഖരിക്കുന്നതും പുലർച്ചെ പൂക്കളമിടുന്നതും പഴങ്കഥയായെങ്കിലും പ്രായംചെന്നവർ ഇന്നും ഓർമിക്കുന്നത് നാട്ടുപൂക്കളാൽ മുറ്റത്ത് പൂക്കളം ഒരുക്കുന്നതാണ്. തുമ്പയും മുക്കുറ്റിയും വർണ്ണ ഇലകളും കൊണ്ട് പൂക്കളമൊരുക്കുന്നത് മലയാളിയുടെ സംസ്കാരത്തിന്റെ ഭാഗമാണ്. 
തലമുറകളായി കിട്ടിയ ചിട്ടവട്ടങ്ങൾ മലയാളിക്കിന്ന് അന്യമാകുകയാണ്. പതുതലമുറയ്‌ക്ക് ഇതെല്ലാം മുത്തശിക്കഥകളിലെ അറിവ് മാത്രമായി മാറി. ഇന്ന്  മാവിൻ കൊമ്പത്തെ ഊഞ്ഞാൽ വീട്ടിലെ കാർ പോർച്ചുകളിലേക്ക് മാറി. പൂക്കളത്തിലിടാൻ പൂക്കൾക്ക്‌ തമിഴ്നാടിനേയും കർണാടകത്തെയും ആശ്രയിക്കേണ്ടി വരുന്നു. ഓണസദ്യ വിരൽതുമ്പിലെത്തി നിൽക്കുന്നു. ആവശ്യക്കാർക്ക് വിഭവങ്ങൾ തീൻമേശയിലെത്തിക്കാൻ സ്വകാര്യ ഏജൻസികൾ സജീവമായി. 
വിസ്മൃതിയിലേക്ക് പോയ ഒരു നല്ലകാലത്തിന്റെ ഓർമകൾ അയവിറക്കാൻ വീണ്ടും ഒരോണം കൂടി. 
പ്രധാന വാർത്തകൾ
 Top