17 September Tuesday

ഉത്രാടപ്പാച്ചിലിലമർന്ന്‌ നാടും നഗരവും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

 കട്ടപ്പന

തിരുവോണനാളിൽ സദ്യയ്ക്കുള്ള വിഭവങ്ങൾ ഒരുക്കുന്നതിന് മുന്നോടിയായി നാടും നഗരവും ഉത്രാടപ്പാച്ചിലിൽ. റെഡിമെയ്‌ഡ്‌  ഓണസദ്യയുമായി ഹോട്ടലുകൾ രംഗത്തുണ്ടെങ്കിലും വീട്ടകങ്ങളിൽ തയാറാക്കുന്ന ഓണസദ്യയ്ക്ക് തന്നെയാണ് ഇന്നും പ്രിയം. തിരുവോണത്തലേന്നും വസ്ത്രവ്യാപാരശാലകളിൽ തിരക്കൊഴിഞ്ഞില്ല.  തെരുവോര വ്യാപാരവും തിരക്കിലമർന്നു.
ഉത്രാടദിനത്തിൽ ജില്ലയിലെ  നഗരങ്ങളിൽ ഗതാഗതക്കുരുക്കുണ്ടായി. ഹൈറേഞ്ചിൽ പ്രധാനപട്ടണമായ കട്ടപ്പനയിൽ രാവിലെ വലിയ തിരക്ക്‌ ഉണ്ടായില്ലെങ്കിലും വൈകിട്ട്‌  ഗതാഗതക്കുരുക്കിലമർന്നു. 
  ഓണത്തോടനുബന്ധിച്ച്‌  കുടുംബശ്രീകളും മറ്റും തയാറാക്കിയ താൽക്കാലിക പച്ചക്കറിക്കടകളിൽ ഉച്ചയോടെ വിറ്റു തീർന്നു. മാറിക്കൊണ്ടിരിക്കുന്ന യുഗത്തിൽ ഓണസദ്യ വീടുകളിൽ നിന്നും ഹോട്ടലുകളിലേക്ക് ചേക്കേറുകയാണ്. പുതിയ അഭിരുചി മുതലെടുക്കാൻ ചെറുകിട ഹോട്ടലുകൾ മുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾവരെ വൈവിധ്യമാർന്ന പാക്കേജുകളുമായി രംഗത്തുണ്ട്.  മുമ്പ്‌ വീട്ടിലെ എല്ലാ അംഗങ്ങളുടെയും കൂട്ടായ പ്രയത്നത്തിന്റെ സാക്ഷാൽക്കാരമായിരുന്നു ഓണസദ്യ. ഉപ്പേരിയുണ്ടാക്കുന്നതിലും കറി വെയ്ക്കുന്നതിലും  പായസം തയ്യാറാക്കുന്നതിലും വീട്ടിലെ എല്ലാ അംഗങ്ങളുടെയും പങ്കുണ്ടാവും. ഇപ്പോൾ ഇതിനൊന്നും സമയം കളയാനില്ല. തൊടുപുഴ, നെടുങ്കണ്ടം, അടിമാലി തുടങ്ങി ഹൈറേഞ്ചിന്റെ പ്രധാനകേന്ദ്രങ്ങളെല്ലാം ആഘോഷത്തിമിർപ്പിലാണ്‌. 
പ്രധാന വാർത്തകൾ
 Top