16 January Saturday

അടങ്ങാത്ത വിലാപങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020

 മൂന്നാർ 

പെട്ടിമുടി ദുരന്തത്തിന്‌ നാലാം ദിവസം പിന്നിടുമ്പോഴും തേയിലക്കാടുൾക്കിടയിൽ കലങ്ങിയ കണ്ണുകളുമായി അവർ ഉറ്റവരെയും കാത്തിരിപ്പുണ്ട്‌. പ്രതീക്ഷകൾ എല്ലാം അവസാനിച്ചെങ്കിലും അവസാനമായി ഒരു നോക്ക്‌ കാണാൻ. തിങ്കളാഴ്ച നാലുകുട്ടികളുടെ  മൃതദേഹം പുറത്തെടുത്തപ്പോൾ രക്ഷാപ്രവർത്തകരുടെയും നാട്ടുകാരുടെയും ഉളളുലഞ്ഞ്, തേങ്ങലായി, ബന്ധുമിത്രാദികളിലേക്ക് പടർന്നു. മണ്ണിന്റെ മാറിലോ പുഴയിലോ ഒളിഞ്ഞിരിക്കുന്ന അവശേഷിക്കുന്ന 22 പേരെ കൂടി കണ്ടെത്താൻ അവർ അലയുകയാണിവിടെ. ഭക്ഷണംപോലും കഴിക്കാതെ മഴയിൽ നനഞ്ഞ് കുളിച്ച് അവരുമെത്തും പുലർച്ചെ തന്നെ ജീവന്റെ നേർത്ത തുടിപ്പുകൾ പ്രതീക്ഷിച്ച്. വിഫലമാകുമ്പോൾ നെടുവീർപ്പുകൾ. ആർത്തലച്ചുളള കരച്ചിൽ. വെെകിട്ട് കുഴിമാടത്തിൽ ഒരുകുലപൂക്കൾ വെച്ച്  അവർ വീണ്ടും വരുംചൊവ്വാഴ്ച പ്രിയപ്പെട്ടവരെ തേടി. കാലാവസ്ഥ അനുകൂലമായതിനാൽ തിങ്കളാഴ്ച രാവിലെ ഏഴ്‌ മുതൽ  ദുരന്തപ്രദേശം അരിച്ചുപെറുക്കി .ഇനി കൂടുതൽ മൃതദേഹങ്ങൾ കിട്ടാനുള്ള പ്രതീക്ഷ അസ്തമിച്ചതായി അധികൃതർ പറഞ്ഞു. 
ഈ സാഹചര്യത്തിൽ സമീപത്തെ പുഴയും ഉൾക്കാടുകളും കേന്ദ്രീകരിച്ചാണ്‌ പരിശോധന നടത്തുന്നത്‌. ഇതിന്‌‌ കൂടുതൽ സാധുത നൽകി തിങ്കളാഴ്ച മൃതദേഹങ്ങൾ ലഭിച്ചത്‌ പുഴയുമായി ബന്ധപ്പെട്‌ കിടക്കുന്ന ഗ്രാവൽ ബാങ്കിൽ നിന്നാണ്‌. കുതിച്ചെത്തിയ മഴവെള്ളത്തിൽ മൃതദേഹങ്ങൾ ഇവിടെ അടിഞ്ഞതാകാം. തുടർന്നുള്ള ദിവസങ്ങളിൽ ഉൾക്കാടുകളിലെ പരിശോധന കൂടുതൽ ഊർജിതമാക്കാനാണ്‌ അധികൃതരുടെ തീരുമാനം. 
കൂടാതെ, അപകടങ്ങൾ നടന്ന ഭാഗത്ത്‌ പുഴയോട്‌ ചേർന്നുള്ള ഭാഗത്ത്‌ മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച്‌ അവസാനവട്ട പരിശോധനയും നടത്തും. ഉച്ചയോടെ മഴയും മൂടൽമഞ്ഞും കനക്കുന്നതാണ്‌ രക്ഷാപ്രവർത്തനത്തിന്‌ വെല്ലുവിളി‌.  മന്ത്രി എം എം മണിയാണ്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എസ്‌ രാജേന്ദ്രൻ എംഎൽഎ പ്രദേശത്ത്‌ ക്യാമ്പ്‌ ചെയ്താണ്‌ തെരച്ചിലിന്‌ നേതൃത്വം നൽകുന്നത്‌. ഇടയ്ക്കിടെ രക്ഷാപ്രവർത്തകർ യോഗംചേർന്ന് രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തും. കാലവസ്ഥയ്ക്കും സാഹചര്യത്തിനും മനുസരിച്ച് രീതികൾ ശാസ്ത്രീയമായി മാറ്റും.പാറകൾപൊട്ടിച്ചു നീക്കിയും  ഡോഗ് സ്ക്വാഡിനെ കൂട്ടിയുമൊക്കെയുള്ള തെരച്ചിലാണ് ഫലംകണ്ടത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top