18 September Wednesday

നേരിയ ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019

കഴിഞ്ഞ പ്രളയത്തിൽ ഉരുൾപൊട്ടലുണ്ടായിടത്ത്‌ കലുങ്കിന്റെ നിർമാണം പുരോഗമിക്കുമ്പോഴാണ് ഇത്തവണ ശക്തമായ മഴയിൽ ചെളിയൊലിച്ചു റോഡിലേക്കെത്തുന്നത്. അതോടെ യാത്ര വീണ്ടും ദുർഘടമായി. ചെളിയിൽ മുങ്ങിയ റോഡിലൂടെ പോകുന്ന വഴിയാത്രക്കാർ. പന്നിയാർകുട്ടിയിൽനിന്നുള്ള ദൃശ്യം

 ഇടുക്കി

ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞതോടെ ജനങ്ങളുടെ ഭയവും ആശങ്കയും തെല്ലൊന്നു കുറഞ്ഞു. ഒറ്റപ്പെട്ട കനത്തമഴയും  മണ്ണിടിച്ചിലും റോഡ്‌ തകർച്ചയും വ്യാപകമാണ്‌. മാങ്കുളം, അടിമാലി, മൂന്നാർ മേഖലകളിൽ ദേശീയപാതകൾ ഉൾപ്പെടെ തകർന്ന്‌ പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്‌. റോഡുകളും പാലങ്ങളും മലവെള്ളപ്പാച്ചിലിൽ തകർന്നത്‌ രക്ഷാപ്രവർത്തനത്തെയും ബാധിച്ചു. കുമളി അട്ടപ്പള്ളത്ത് മണ്ണിടിഞ്ഞ് കൃഷി നശിച്ചു. കാഞ്ചിയാർ കല്യാണത്തണ്ടിൽ ഇരുകല്ലിൽ സുഭാഷിന്റെ വീടിനുമുകളിലേക്ക് ഇല്ലിത്തുറു വീണു. വീട് പൂർണമായും തകർന്നു. ആളപായമില്ല.
ആനവിലാസം മാധവൻകാനത്ത് മരംവീണ് വീട് തകർന്നെങ്കിലും വീട്ടിലെ താമസക്കാർ രക്ഷപെട്ടു. ഉടുമ്പൻചോല സ്വദേശി സുരേഷിന്റെ വീടും മഴയിൽ തകർന്നു. പെരിയാർ, പാമ്പാർ, മുതിരപ്പുഴയാർ, തൊടുപുഴയാറുകളിൽ നീരൊഴുക്ക്‌ വർധിച്ചു. ഇടുക്കി അണക്കെട്ടിൽ ശനിയാഴ‌്ച രാവിലെ ഏഴിന‌് അവസാനിച്ച 24 മണിക്കൂറിൽ 10.07 കോടി യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം ഒഴുകിയെത്തി. ജലനിരപ്പ‌് 2337 അടിയിലേക്ക്‌ ഉയർന്നു. സംഭരണശേഷിയുടെ 35 ശതമാനം വെള്ളമാണ‌് അണക്കെട്ടിലുള്ളത‌്. വൃഷ്‌ടി പ്രദേശത്ത് മഴ കുറവാണ‌്. 3.24 സെന്റിമീറ്റർ മഴയാണ് വെള്ളിയാഴ‌്ച ലഭിച്ചത്‌. 
വ്യാഴാഴ്‌ച 19.4 സെന്റിമീറ്റർ മഴയാണ്‌ ലഭിച്ചത്‌. മൂന്നാർ ഹെഡ്‌ വർക്ക്‌സ്‌, കല്ലാർകുട്ടി, പാംബ്ല, കല്ലാർ, മലങ്കര ചെറുകിട അണക്കെട്ടുകൾ പൂർണസംഭരണശേഷിലാണ്‌. പൊന്മുടി അണക്കെട്ട്‌ ശനിയാഴ്‌ച തുറന്നു. വണ്ടിപ്പെരിയാറിൽ ദേശീയപാതയിൽനിന്ന്‌ വെള്ളം ഇറങ്ങിയതോടെ ഗതാഗതം പുനരാരംഭിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ കട്ടപ്പന, കുമളി, നെടുങ്കണ്ടം, അടിമാലി, ചെറുതോണി എന്നിവിടങ്ങളിലെ വ്യാപാരകേന്ദ്രങ്ങളും റോഡുകളും വിജനമായിരുന്നു. എന്നാൽ, ശനിയാഴ്‌ച റോഡുകളും ടൗണുകളും സജീവമായി.
 
 
പ്രധാന വാർത്തകൾ
 Top