17 September Tuesday

മാങ്കുളത്ത് ആദിവാസിക്കുടികള്‍ ഒറ്റപ്പെട്ടുതന്നെ

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019

 

 
അടിമാലി 
കാലവർഷക്കെടുതിയിൽ മാങ്കുളം പഞ്ചായത്തിലെ രണ്ടു ആദിവാസി കുടികൾ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാതെ ഒറ്റപ്പെട്ട നിലയിൽ. മാങ്കുളത്തെ വിദൂര ആദിവാസി ഗ്രാമമായ സുബ്രഹ്മണ്യൻകുടിയും ശേവൽകുടിയുമാണ് ഒറ്റപ്പെട്ടത്. ശേവൽകുടിയിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. 11 കുടുംബങ്ങളാണ്‌ ക്യാമ്പിലുള്ളത്‌. എന്നാൽ, നല്ലതണ്ണിയാറിന് മറുകരയിലുള്ള സുബ്രഹ്മണ്യൻ കുടിയിലെ ആളുകളാണ്‌ കുടുങ്ങിയിട്ടുള്ളത്. 
ഉരുൾപെട്ടി വെള്ളപ്പാച്ചിലിൽ നല്ലതണ്ണിയാറിനു കുറുകെയുള്ള തൂക്കുപാലം ഒഴുകിപ്പോയതോടെയാണ്‌ കുടി ഒറ്റപ്പെട്ടത്‌. എട്ടോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇവിടേക്ക്‌ അവശ്യസാധനങ്ങൾ എത്തിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്തും സർക്കാരും. കുത്തിയൊഴുകുന്ന പുഴ മുറിച്ചുകടക്കുക എന്നത്‌ ശ്രമകരമാണ്. ഫയർഫോഴ്സിന്റേതടക്കമുള്ള സഹായത്തോടെ മാത്രമേ കുടിയിൽ എത്താൻ കഴിയൂ. പൊലീസ് വാഹനത്തിലാണ്‌ ശേവൽകുടിയിലേക്ക്‌ അവശ്യസാധനങ്ങൾ എത്തിക്കുന്നത്. പെരുമ്പൻകുത്ത് ആറാംമൈൽ റോഡ് തകർന്നതോടെയാണ് ഇവിടം ഒറ്റപ്പെട്ടത്. പെരുമ്പൻകുത്ത് പാലത്തിനുസമീപം 300 മീറ്ററോളവും മറ്റൊരിടത്തായി 200 മീറ്ററും റോഡ് ഒലിച്ചുപോയി. ഇവിടേക്കുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. 
ഏറെ ദുരിതം വിതച്ച മാങ്കുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ആശ്വാസമായി സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ സന്ദർശിച്ചു. ദുരിതാശ്വാസ ക്യാമ്പിലെത്തി ആളുകളും ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പഞ്ചായത്ത്‌ പ്രസിഡന്റ് ഷാജി മാത്യു, ടി കെ ഷാജി, എ പി സുനിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top