07 August Friday

യുവമോർച്ച നേതാവടക്കം 50 കുടുംബങ്ങൾ സിപിഐ എമ്മിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020
 കട്ടപ്പന 
ഇരട്ടയാർ പഞ്ചായത്തിൽ വിവിധ രാഷ്ട്രീയപാർടികളിൽനിന്ന് രാജിവച്ച് അമ്പത്‌ കുടുംബങ്ങൾ സിപിഐ എമ്മിനൊപ്പം സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. ബിജെപി, കോൺഗ്രസ്‌, കേരള കോൺഗ്രസ്‌ പാർടികളിൽ പ്രവർത്തിച്ചിരുന്നവരാണ്‌ രാജിവച്ചത്‌. യുവമോർച്ച ഉടുമ്പൻചോല നിയോജകമണ്ഡലം പ്രസിഡന്റ്‌ ഷിനു മുകുന്ദൻ, ഇരട്ടയാർ പഞ്ചായത്ത്‌ കോൺഗ്രസ്‌ ആറാംവാർഡ്‌ സെക്രട്ടറി റെജി പള്ളത്തുപാറ എന്നിവരും സിപിഐ എമ്മിലേക്ക്‌ എത്തിയവരിൽ ഉൾപ്പെടുന്നു. 
 വികസനപ്രവർത്തനങ്ങളിൽ എൽഡിഎഫ് സർക്കാരും മന്ത്രി എം എം മണിയും നടത്തുന്ന സമീപനവും ദുരിതകാലയളവിലെ സർക്കാരിന്റെ പ്രതിബദ്ധതയുമാണ് ജനങ്ങളെ പാർടിയിലേക്ക് ആകർഷിച്ചത്‌. കൂടാതെ എം എം മണി മന്ത്രിയായശേഷം സമാനതകളില്ലാത്ത വികസനമാണ്‌ ഇരട്ടയാറിൽ നടക്കുന്നത്‌. പത്ത്‌ചെയിൻ മേഖലയിലടക്കം പഞ്ചായത്തിൽ എല്ലായിടത്തും പട്ടയംനൽകി. കോടിക്കണക്കിന്‌ രൂപയുടെ പശ്ചാത്തലവികസനമാണ്‌ നടക്കുന്നത്‌.
 രാജിവച്ച് വന്നവർക്ക്‌ സിപിഐ എം നേതൃത്വത്തിൽ സ്വീകരണം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‌ ശാന്തിഗ്രാം സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ പാർടിയിലെത്തിയവരെ സ്വീകരിച്ചു. സമീപനാളുകളിലായി ജില്ലയുടെ വിവിധ മേഖലകളിൽനിന്ന് നിരവധി പേരാണ് മറ്റ്‌ പാർടികളിൽനിന്ന് രാജിവച്ച് സിപിഐ എമ്മിന്റെ  ഭാഗമായി ചേരുന്നതെന്നും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ സർക്കാർ ഊർജിതമായി നടത്തുമ്പോൾ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 ഇരട്ടയാർ പഞ്ചായത്തിൽ കാർഗിൽപടി, കാറ്റാടിക്കവല, ശാന്തിഗ്രാം, ഈട്ടിത്തോപ്പ്, ഇരട്ടയാർ നോർത്ത്, പുത്തൻപാലം തുടങ്ങിയ മേഖലയിലയിൽനിന്നുള്ളവരാണ്‌ പാർടിക്കൊപ്പം ചേർന്നത്. സ്വീകരണയോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനൻ, ഏരിയ സെക്രട്ടറി വി ആർ സജി, പി ബി ഷാജി, ജോയി ജോർജ്‌, ലിജു വർഗീസ്, വി എസ് ഷാജി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top