23 August Friday

കോൺ. പഞ്ചായത്തംഗങ്ങളുടെ പങ്ക‌് അന്വേഷിക്കണം: കെ കെ ജയചന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019
നെടുങ്കണ്ടം
ഹരിതാ ഫൈനാൻസ‌് തട്ടിപ്പുമായി ബന്ധപ്പെട്ട‌ുപ്രവർത്തിച്ച കോൺഗ്രസ‌് പഞ്ചായത്തംഗങ്ങളുടെയും നേതാക്കളുടെയും പങ്ക‌് അന്വേഷിക്കണമെന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ. സിപിഐ എം നെടുങ്കണ്ടം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഞ്ചായത്ത‌് ഓഫീസ‌് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൂക്കുപാലം കേന്ദ്രമായി ആദ്യം ബോർഡുവയ്ക്കാതെ പ്രവർത്തനം തുടങ്ങിയ തട്ടിപ്പ‌ുസ്ഥാപനത്തിന് ലൈസൻസ് തരപ്പെടുത്തുന്നതിനുള്ള ഒത്താശ ചെയ്തത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുകൂടിയായ പഞ്ചായത്ത‌് സഥിരം സമിതി അധ്യക്ഷനാണ്. സേവാദൾ ജില്ലാ ഭാരവാഹികൂടിയായ പഞ്ചായത്തംഗം ആലീസുൾപ്പടെ അഞ്ച് കോൺഗ്രസ് പഞ്ചായത്തംഗങ്ങളാണ് തട്ടിപ്പ‌ുസ്ഥാപനത്തിലേക്ക് ആളെ കൂട്ടിയത്. തട്ടിപ്പ‌് പിടികൂടിയപ്പോൾ കുട്ടിക്കാനത്തേക്ക് പ്രതികളെ എത്തിച്ചതും ബാങ്കിൽ പണമില്ലന്ന‌് ബോധ്യമായപ്പോൾ സ്വന്തം വാഹനത്തിൽ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചതും ആലീസാണ‌്. നാട്ടുകാർ ഇടപെട്ടതോടെ നിയമവിരുദ്ധമായി പ്രതിയെ പൊലീസിന‌് കൈമാറിയ ആലീസ‌് രാജ‌്കുമാർ മരിച്ചതിനുശേഷം നാട്ടുകാർക്കെതിരെ പരാതി നൽകുകയായിരുന്നു. 
 
 ഇടപാടുകാരിൽനിന്ന‌് പിരിച്ച തുകയിൽ 2.02 ലക്ഷം രൂപ നിക്ഷേപിച്ചത് കോൺഗ്രസ് നേതാവ് എം എൻ ഗോപി പ്രസിഡന്റായ അർബൻ ബാങ്കിന്റെ തൂക്കുപാലം ശാഖയിലാണെന്ന് ഹരിതയുടെ എംഡിതന്നെ വെളിപ്പെടുത്തിയതാണ‌്. 
 ഇതൊക്കെ അറിഞ്ഞിട്ടും മറച്ച‌ുവച്ച‌് മാധ്യമങ്ങൾ ധർമത്തിനുനിരക്കാത്ത തരത്തിൽ സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാനായി പട്ടം കോളനി സഹകരണ ബാങ്കിനെതിരെ വാർത്തകൾ നൽകുകയായിരുന്നു. ഇതിനുപിന്നിൽ വലിയ അജൻഡയുള്ളതായി സംശയിക്കുന്നു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ‌് അനുകൂല പൊലീസ് സംഘടനയുടെ ജില്ലാ ഭാരവാഹിയായിരുന്ന നെടുങ്കണ്ടം സിഐ റെജി എം കുന്നിപ്പറമ്പലിന്റെയും മറ്റും നേതൃത്വത്തിലാണ് നിയമ ലംഘനം നടന്നിട്ടുള്ളത‌്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top