14 June Monday
കോവിഡ്

രോഗസ്ഥിരീകരണ നിരക്ക്‌ 
സംസ്ഥാന ശരാശരിക്ക് മുകളിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021
തൊടുപുഴ
ജില്ലയിലെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക് സംസ്ഥാന ശരാശരിക്ക് മുകളിലെത്തി. വ്യാഴാഴ്ച 14.46 ശതമാനമായിരുന്നു ജില്ലയിലെ രോഗസ്ഥിരീകരണ നിരക്ക്. സംസ്ഥാനതലത്തിൽ 13.45 ശതമാനവും. മെയ് മൂന്നാംവാരം മൂന്നു ദിവസവും ജൂൺ രണ്ടിനും സംസ്ഥാന ശരാശരിക്ക് മുകളിലായിരുന്നു ജില്ലയിലെ രോഗസ്ഥിരീകരണ നിരക്ക്.
കഴിഞ്ഞ പത്ത്‌ ദിവസത്തിനിടെ 5143 പേർക്ക്‌ രോഗം സ്ഥിരീകരിച്ചപ്പോൾ 7446 പേർ രോഗമുക്തരായി. കാന്തല്ലൂർ, വട്ടവട, മറയൂർ തുടങ്ങിയ അതിർത്തി ഗ്രാമങ്ങളിലും തോട്ടം മേഖലയിലും കോവിഡ്‌ വ്യാപനം വർധിക്കുന്നത്‌ ആശങ്കയാകുന്നുണ്ട്‌. അതിർത്തി മേഖലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം കലക്ടർ എച്ച്‌ ദിനേശന്റ നേതൃത്വത്തിൽ വട്ടവടയിൽ യോഗം ചേർന്നിരുന്നു. 
 കോവിഡ് പരിശോധനയോടും വാക്‌സിനേഷനോടും പ്രദേശത്ത് ആളുകള്‍ വിമുഖത പുലര്‍ത്തുന്ന സാഹചര്യത്തില്‍ കൂടുതലായി ഫീല്‍ഡ് തലത്തിലേക്കിറങ്ങി പരിശോധനയ്‌ക്കും വാക്‌സിനേഷനും സൗകര്യമൊരുക്കാന്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു. രണ്ടാംതരംഗം രൂക്ഷമായതോടെ കർശന നിയന്ത്രണങ്ങളാണ്‌ ജില്ലയിൽ നടപ്പാക്കിയത്‌. ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ അതിർത്തിയിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരിശോധന ആരംഭിച്ചു. ഇ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർചെയ്‌ത്‌ ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവ്‌ ആയാൽ മാത്രമേ തമിഴ്‌നാട്ടിൽനിന്ന്‌ ജില്ലയിലേക്ക്‌ പ്രവേശിപ്പിക്കുകയുള്ളൂ. തോട്ടം തൊഴിലാളികൾക്ക്‌ നിലവിൽ പ്രവേശനം അനുവദിച്ചിട്ടില്ല. തമിഴ്‌നാട്ടിലേക്ക്‌ പോകണമെങ്കിൽ ഇ പാസും ആവശ്യമാണ്‌. എങ്കിലും രോഗസ്ഥിരീകരണ നിരക്ക് വർധിക്കുന്നത് ആശങ്കയാകുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top