13 June Sunday
ജനമൈത്രി പൊലീസിന്റെ ഇടപെടല്‍

ആദിവാസി മേഖലയിൽ പ്രതിരോധം പെര്‍ഫെക്ട്

വെബ് ഡെസ്‌ക്‌Updated: Tuesday May 11, 2021
മറയൂർ
കാന്തല്ലൂർ പഞ്ചായത്തിലെ ആദിവാസി മേഖലയിൽ കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിലുള്ള വിമുഖത മറയൂർ ജനമൈത്രി പൊലീസിന്റെയും പഞ്ചായത്തിന്റെയും ഇടപെടലിൽ മാറി. ഗോത്ര ജീവിതശൈലിയിൽ അടുത്തടുത്ത വീടുകളിലാണ് ആദിവാസി ജനത താമസിക്കുന്നത്‌. അൽപം അശ്രദ്ധയുണ്ടായാൽ രോഗവ്യാപനം ഉണ്ടാകുമായിരുന്നു. പുറമേനിന്ന്‌ ആരെയും കുടികളിലേക്ക് കടത്തിവിടാതെയും കുടികളിൽനിന്ന്‌ പുറത്തേക്ക്‌ പോയി വരുന്നവർക്ക്‌ സത്രത്തിൽ നിരീക്ഷണത്തിലിരിക്കാനും പൊലീസ്‌ സംവിധാനമൊരുക്കിയിട്ടുണ്ട്‌. 
 ആദിവാസി മേഖലയിൽ വാക്സിൻ സ്വീകരിക്കുന്നതിൽ തെറ്റിധാരണയുണ്ടെന്ന വിവരം ഡിവൈഎഫ്ഐ പ്രവർത്തകരാണ്‌ പഞ്ചായത്തിനെയും പൊലീസിനെയും അറിയിച്ചത്‌. ആദ്യപടിയായി തെറ്റിധാരണ മാറ്റുന്നതിനും കോവിഡ് പ്രതിരോധ പ്രവർത്തനത്തെക്കുറിച്ച്‌‌ മറയൂർ പൊലീസ്‌ ബോധവൽക്കരണം നടത്തി. വാക്സിൻ എടുക്കുന്നതിനായി രജിസ്ട്രേഷൻ നടപടികളും ആരംഭിച്ചു. എല്ലാ വാർഡുകളിലെയും വളന്റിയർമാരെ ഉൾപ്പെടുത്തി വാട്സാപ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്‌‌. മരുന്നും അവശ്യസാധനങ്ങളും എത്തിക്കുന്നതിനായി പൊലീസ് വനംവകുപ്പിന്റെ സേവനവും പ്രയോജനപ്പെടുത്തി. ആദിവാസികുടികളിൽ പൊലീസും ആരോഗ്യവകുപ്പും ക്വാറന്റൈനിൽ കഴിയുന്നവർക്കും കോവിഡ് പോസിറ്റീവായവർക്കും ദിവസവും സന്ദർശിച്ച് ഭക്ഷണവും മരുന്നും നൽകുന്നുണ്ട്‌. പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ വാർഡ്തല സമിതികളും കാന്തല്ലൂരിൽ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ആംബുലൻസും കൂടാതെ രണ്ട് വാഹനങ്ങളും വാടകയ്‌ക്ക് എടുത്തും പ്രതിരോധ പ്രവർത്തനങ്ങൾ സജ്ജമാക്കി. 
  ജനമൈത്രി സിവിൽ പൊലീസ് ഓഫീസർ അനുകുമാർ, സുധീഷ്, സ്റ്റേഷൻ എസ്എച്ച്ഒ ജി എസ്‌ രതീഷ് എന്നിവരാണ്‌ ആദിവാസി മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്‌. പയസ്‌നഗർ ചെക്ക്പോസ്റ്റ്‌ വഴിയല്ലാതെ കാന്തല്ലൂരിലേക്ക് എത്തുന്നവർക്കായി പരിശോധനയും വിവരങ്ങൾ ശേഖരിക്കുന്നതിനായി സാമൂഹ്യക്ഷേമ പ്രവർത്തകരെയും ചുമതലപ്പെടുത്തിയതായി കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി ടി മോഹൻദാസ് അറിയിച്ചു. 
കാന്തല്ലൂർ മേഖലയിലുള്ളവർ വിവിധരോഗങ്ങൾക്ക്‌ മരുന്ന് തമിഴ്നാട്ടിലെ ഉദുമലപേട്ടയിൽനിന്നാണ് വാങ്ങിയിരുന്നത്‌. ലോക്ഡൗണായതിനാൽ സ്ഥിരം മരുന്ന്‌ കഴിക്കുന്നവർക്ക്‌ ഡിവൈഎഫ്ഐ തിരൂപ്പൂർ ജില്ലാ കമ്മിറ്റിയുടെ സഹായത്തോടെ മറയൂർ, കാന്തല്ലൂർ മേഖലയിൽ എത്തിക്കാനും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംവിധാനം ഒരുക്കി.
ഭക്ഷണവും വെള്ളവും ഉറപ്പാക്കി ജനമൈത്രി ഹോട്ടലുകൾ
മറയൂർ
പൊലീസിനും ആരോഗ്യപ്രവർത്തകർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ആഹാരവും വെള്ളവും ഉറപ്പാക്കി മറയൂരിലും കാന്തല്ലൂരിലും ജനമൈത്രി ഹോട്ടലുകൾ. 24 മണിക്കൂറും വിശ്രമം ഇല്ലാതെ രോഗവ്യാപനം തടയുന്നതിനായി പ്രവർത്തിക്കുന്നവർക്ക്‌ ഏറെ ആശ്വാസമാണീ ജനകീയ ഹോട്ടലുകൾ. രണ്ട് പഞ്ചായത്തുകളിലും സാമൂഹ്യ അടുക്കളയായി പ്രവർത്തിക്കുന്നതും ഇതേ ഹോട്ടലുകളാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top