25 June Friday

ചെമ്മണ്ണാറിലെ മലയിടിച്ചിൽ; മന്ത്രി എം എം മണി സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 11, 2021
ശാന്തൻപാറ
ചെമ്മണ്ണാർ ഏഴരയേക്കർ ഭാഗത്ത് കഴിഞ്ഞദിവസം മലയിടിഞ്ഞ്‌ കൃഷിനശിച്ച പ്രദേശങ്ങൾ മന്ത്രി എം എം മണി സന്ദർശിച്ചു. നാശമുണ്ടായ സ്ഥലം ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർ നിരീക്ഷിക്കാതെ നടപടിയെടുക്കൻ കഴിയാത്ത അവസ്ഥയുണ്ട്‌. ഇനിയും മലയിടിച്ചിലുണ്ടാകാൻ സാധ്യതയുള്ളതിനാൽ അപകടഭീഷണി നേരിടുന്ന 22 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാൻ തീരുമാനമായി. ജോണി മാരിപ്പുറത്ത്, ബെന്നി ചെറുവള്ളിൽ, കുഞ്ഞുമോൻ പെരുമാംകുന്നേൽ തുടങ്ങിയവരുടെ ഏലം, കുരുമുളക്, കൊക്കോ, കാപ്പി, വാഴ തുടങ്ങിയ കൃഷികളാണ്‌ മണ്ണിടിച്ചിലിൽ നശിച്ചത്. വെള്ളിയാഴ്ച അർധരാത്രിക്കു ശേഷമായിരുന്നു അപകടം. മൂന്നുനാല് ദിവസമായി വേനൽമഴ പ്രദേശത്ത് ശക്തമായിരുന്നു. എന്നാൽ, വെള്ളിയാഴ്ച പ്രദേശത്ത്‌ മഴ കാര്യമായി പെയ്‌തിരുന്നില്ല. പുലർച്ചെ ഒന്നോടെ മലമുകളിൽനിന്ന്‌ ഉരുൾപൊട്ടലിന് സമാനമായ രീതിയിൽ കല്ലും മണ്ണും ഇടിഞ്ഞ് താഴേയ്‌ക്ക്‌ പതിക്കുകയായിരുന്നു. മരങ്ങൾ നിറഞ്ഞ പ്രദേശമായതിനാൽ ഇവ അധികം താഴേയ്‌ക്ക്‌ പോയില്ല. കാർഷിക വിളകൾക്കൊപ്പം നിരവധി മരങ്ങളും മറിഞ്ഞുവീണിരുന്നു.  മന്ത്രിക്കൊപ്പം ജില്ലാ പഞ്ചായത്തംഗം വി എൻ മോഹനൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ തിലോത്തമ്മ സോമൻ, കെ കെ സജികുമാർ, സിപിഐ എം ശാന്തൻപാറ ഏരിയ സെക്രട്ടറി എൻ പി സുനിൽകുമാർ, ലോക്കൽ സെക്രട്ടറിമാരായ ജിമ്മി ജോർജ്, അനീഷ് എന്നിവരുമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top