23 August Friday

മെഡിക്കൽ കോളേജിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പരിശോധന നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019
ചെറുതോണി
ഇടുക്കി മെഡിക്കൽ കോളേജിൽ ഈ വർഷം പ്രവേശനം നടത്താനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ മെഡിക്കൽ കോളേജിൽ പരിശോധന നടത്തി.
വെള്ളിയാഴ‌്ച രാവിലെ പത്തിന് മെഡിക്കൽ കോളേജിൽ എത്തിയ പ്രിൻസിപ്പൽ സെക്രട്ടറി നിർമാണം പൂർത്തിയായ അക്കാദമിക് ബ്ലോക്ക്, നിർമാണം പുരോഗമിക്കുന്ന ആശുപത്രി ബ്ലോക്ക്, മെഡിക്കൽ കോളേജിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ‌് പരിശോധന നടത്തിയത‌്.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ജില്ലാ ആശുപത്രി സൂപ്രണ്ട്, ആർഎംഒ എന്നിവരുമായി പ്രിൻസിപ്പൽ സെക്രട്ടറി നിലവിലെ സാഹചര്യങ്ങൾ ചോദിച്ചറിഞ്ഞു. കെട്ടിട നിർമാണ ഏജൻസിയായ കിറ്റ്കൊ അധികൃതർ നിർമാണ പുരോഗതി ബോധ്യപ്പെടുത്തി. 
മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എംബിബിഎസ‌് കോഴ്സിന് ഇക്കൊല്ലം പ്രവേശനം നടത്തുന്നതിന് ആവശ്യമായ അനാട്ടമി, ഫിസിയോളജി, ബയോകെമസ്ട്രി എന്നീ വിഭാഗങ്ങൾ പൂർണ സജ്ജമാക്കാൻ കഴിഞ്ഞ മാസം 31ന് മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനം എടുത്തിരുന്നു. യോഗ തീരുമാനത്തിന്റെ തുടർന്നുള്ള നടപടിയുടെ ഭാഗമായാണ് സെക്രട്ടറി മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തിയത്. 
 
 
പ്രധാന വാർത്തകൾ
 Top