25 February Thursday

ചെറുതോണിയിൽ നിർമാണ നിരോധന മേഖല ഇല്ല

വെബ് ഡെസ്‌ക്‌Updated: Monday Jan 11, 2021

 ചെറുതോണി

വാഴത്തോപ്പ് പഞ്ചായത്തിലെ ചെറുതോണി മുതൽ വെള്ളക്കയം വരെയുള്ള പ്രദേശത്ത് കൺസ്ട്രക്ഷൻ ഫ്രീ സോൺ നിലവിലില്ല എന്ന് ഹൈക്കോടതി. ഈ പ്രദേശം നിർമാണനിരോധന മേഖലയാണ് എന്നു വാദിച്ച് ഒരു സംഘടന നൽകിയ കേസിലാണ്‌ ഉത്തരവ്‌. സംസ്ഥാന സർക്കാരും കലക്ടറും പഞ്ചായത്തും എതിർകക്ഷികളായ കേസിൽ ഇടുക്കി ഡിസ്ട്രിക്ട് ബിൽഡിങ്‌ ഓണേഴ്സ് അസോസിയേഷൻ കക്ഷിചേർന്നു. 
    അസോസിയേഷൻ സമർപ്പിച്ച രേഖകൾ പരിശോധിച്ച ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി. 1980ൽ ഇറങ്ങിയ ഉത്തരവ്‌ അനുസരിച്ചാണ്‌ ഈ പ്രദേശം നിർമാണനിരോധന മേഖലയായി പരിഗണിച്ചിരുന്നത്‌. ഈ ഉത്തരവിൽ [ജിഒ(എംഎസ്‌) 240/80/എൽഎ ആൻഡ്‌ എസ്‌ഡബ്ല്യുഡി] ഇത് മറ്റൊരു ഉത്തരവിലൂടെ നിലവിൽവരും എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ, പിന്നീട് ഉത്തരവൊന്നും ഇറങ്ങിയിട്ടില്ല. വാഴത്തോപ്പ് പഞ്ചായത്തിൽ കാലാകാലങ്ങളിൽ എത്തിയ ഉദ്യോഗസ്ഥർ 1980 ലെ ഉത്തരവിന്റെ പേരുപറഞ്ഞാണ് നിർമാണ നിരോധിത മേഖല എന്ന് വ്യാഖ്യാനിച്ചത്. ഇതാണ് ഹൈക്കോടതി ഉത്തരവിലൂടെ ഇല്ലാതായത്. കോടതി ഉത്തരവിനെ ഇടുക്കിയിലെ ജനങ്ങൾ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി ബിൽഡിങ്‌ ഓണേഴ്സ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. ജില്ലാ ആസ്ഥാനത്തിന്റെ വികസനത്തിന് ഏറെ സഹായകമാകും ഈ വിധിയെന്നും ഇതിനായി കൃത്യമായ നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നതായും അസോസിയേഷൻ പ്രസിഡന്റ്‌ ജി ഷിബു, സെക്രട്ടറി എം കെ ജോർജ്‌, ട്രഷറർ ബിജു മട്ടയ്‌ക്കൽ എന്നിവർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top