13 December Friday
തലയാര്‍ മേഖലയില്‍ വ്യാപക മോഷണം

പള്ളിയും 5 വ്യാപാര സ്ഥാപനങ്ങളും കുത്തി‌ത്തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2019

 

 
മറയൂർ  
മറയൂർ–- മൂന്നാർ പാതയിൽ തോട്ടം മേഖലയായ തലയാർ ഭാഗത്ത് ആരാധനാലയവും വ്യാപാര സ്ഥാപനങ്ങളും കുത്തിത്തുറന്ന് മോഷണം. മൂന്നാർ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ താലയാർ ഭാഗത്തുള്ള ഷോപ്പിങ്‌ കോംപ്ലക്സിലെ അഞ്ച് കടമുറികളുടെ ഷട്ടറിന്റെ പൂട്ടുകൾ തകർത്ത് അകത്തുകടന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും നഷ്‌ടമായില്ല. 
 സമീപത്തുള്ള സെന്റ് ആന്റണീസ് പള്ളിയിലെ നേർച്ചപ്പെട്ടി തകർത്തു പണം മോഷ്‌ടിച്ചു. ഒരാഴ്‌ചയായി തോട്ടം മേഖലയിലെ പള്ളികളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് മോഷണം നടക്കുന്നുണ്ട്‌. വിലപിടിപ്പുള്ള മറ്റു സാധനങ്ങൾ ഉണ്ടായിരുന്നെങ്കിലും മോഷ്ടാക്കൾ പണം മാത്രമാണ് എടുത്തത്‌.
 പള്ളിയുടെ സമീപത്താണ്‌ വികാരി ഫാ. ലിനൂസ് വിവേര താമസിക്കുന്നത്. ഇദ്ദേഹം രാവിലെയാണ് മോഷണ വിവരം അറിയുന്നത്. പള്ളിയുടെ സങ്കീർത്തിയുടെ വാതിൽ തകർത്ത് അകത്തുകടന്ന് മേശകളും അലമാരികളും കുത്തിത്തുറന്ന് സാധനങ്ങൾ പുറത്തിട്ട് പരിശോധന നടത്തിയ നിലയിലാണ്. കൈക്കാരൻ ജേക്കബ് രാവിലെ അഞ്ചരയ്‌ക്ക് പള്ളിയിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
 മറയൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ഇൻസ്പെക്ടർ ഓഫ് പൊലീസ് വി ആർ ജഗദീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി തെളിവുകൾ ശേഖരിച്ചു. തലയാർ ഭാഗത്തുള്ള ബാലസുന്ദരത്തിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കട, തമിഴരശന്റെ പലചരക്ക് കട, പെരിയ സ്വാമിയുടെ ബേക്കറിയുടെ രണ്ട് ഷട്ടറുകൾ, സുഗന്ധ വ്യഞ്‌ജനങ്ങൾ വിൽപ്പന നടത്തുന്ന മുത്തുമണിയുടെ കട എന്നിവയാണ് കുത്തിത്തുറന്നത്‌. പൊലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top