19 October Saturday

ലാക്കാട്‌ ഗ്യാപ്‌ റോഡിൽ മലയിടിച്ചിൽ; ഗതാഗതം തിരിച്ചുവിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

കനത്തമഴയിൽ മൂന്നാർ ഗ്യാപ് റോഡിൽ മലയിടിച്ചിലുണ്ടായ ഭാഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ സന്ദർശിക്കുന്നു

മൂന്നാർ  
ലാക്കാട്‌ ഗ്യാപ്‌ റോഡിൽ വീണ്ടും മലയിടിഞ്ഞതോടെ ആളപായവും ഗതാഗതതടസ്സവും. കൊച്ചി– ധനുഷ്‌കോടി ദേശീയപാതയുടെ വിപുലീകരണ ജോലികളുടെ ഭാഗമായി ഗ്യാപ് റോഡിൽ പാറ പൊട്ടിക്കുന്നത്‌ ഉൾപ്പെടെയുള്ള പണികൾ നടക്കുന്നതിനിടെയാണ്‌ അത്യാഹിതം ഉണ്ടായത്‌. മലയിടിച്ചിലിൽ അകപ്പെട്ട ടിപ്പർ ലോറി ഡ്രൈവർ സേലം സ്വദേശി ഉദയൻ കുമരേശന്റെ മൃതദേഹം ബുധനാഴ്‌ച പുറത്തെടുത്തു. ഹിറ്റാച്ചി ഓപ്പറേറ്റർ തമിഴരശനായി തെരച്ചിൽ തുടരുകയാണ്‌. 
     മലയിടിഞ്ഞ ഭാഗത്തുനിന്ന്‌ വീണ്ടും മണ്ണും ചെളിയും ശക്തിയായി പൊട്ടിയൊഴുകിയത്‌ രക്ഷാപ്രവർത്തനത്തിന്‌ തടസ്സമായി. പാറയിടിഞ്ഞ ഭാഗത്തുനിന്ന്‌ ഒഴുക്ക്‌ ശക്തമായതിനാൽ വീണ്ടും ഇടിയാനുള്ള സാധ്യതയുണ്ട്‌. അതിനാൽ ആളുകൾ കാൽനടയായി ഇതുവഴി യാത്രചെയ്യുന്നത്‌ വിലക്കി. യാത്രക്ലേശം പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിച്ചു. തമിഴ്നാട്ടിൽനിന്ന്‌ വരുന്ന ബസ് പൂപ്പാറയിലെത്തി– രാജാക്കാട്– കുഞ്ചിത്തണ്ണി– വെള്ളത്തൂവൽ– ആനച്ചാൽ വഴി മൂന്നാറിലെത്തണം. തിരിച്ചും ഇതുവഴി മടങ്ങാം. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം ടി ജെ ഷൈൻ, ഏരിയ സെക്രട്ടറിമാരായ എം എൻ ഹരിക്കുട്ടൻ, എൻ പി സുനിൽകുമാർ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംഭവസ്ഥലത്തെത്തി. ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് പി കെ സുരേഷ്‌കുമാർ തെരച്ചിലിന്‌ നേതൃത്വം നൽകുന്നു. ഇതിനുമുമ്പ്‌ ജൂലൈ 27നും മലയിടിഞ്ഞിരുന്നു. 
സെപ്തംബർ അവസാനത്തോടെ പണികൾ പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ, മഹാപ്രളയത്തെ തുടർന്ന് ഒരു മാസത്തോളം പണികൾ നിർത്തിവച്ചിരുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന മണ്ണിടിച്ചിലും നിർമാണപ്രവർത്തനം നീണ്ടുപോകാൻ കാരണമായി.  
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top