13 November Wednesday

ദമ്പതികൾക്കായി സിപിഐ എമ്മിന്റെ സ്‌നേഹഭവനം

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

  ചെറുതോണി

സിപിഐ എം ഇടുക്കി ഏരിയ കമ്മിറ്റി നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ മന്ത്രി എം എം മണി കൈമാറി. പാർടി സമ്മേളന തീരുമാനപ്രകാരം സംസ്ഥാനത്തെ എല്ലാ ലോക്കൽ കമ്മിറ്റിയും വീട്‌ നിർമിച്ചുനൽകുന്നതിന്റെ ഭാഗമായാണ്‌ ഇടുക്കി ഏരിയയിലും 10 വീടുകൾ നിർമിച്ചുനൽകാൻ തീരുമാനിച്ചത്. ‘അഭയം’എന്ന് പേരിട്ട് ആറു വീടുകൾ ഇതുവരെ നിർമിച്ചുനൽകി. 
ചേലച്ചുവട് ലോക്കൽ കമ്മിറ്റിയുടെ കീഴിൽ ഏഴുകമ്പിയിൽ നിർമിച്ച വീടിന്റെ താക്കോലാണ്‌ മന്ത്രി കൈമാറിയത്‌. 850 ചതുരശ്രമീറ്ററിൽ 5.5 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിർമാണം. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട വടക്കേടത്ത് രാഘവൻ– പാറുക്കുട്ടി എന്ന വൃദ്ധ ദമ്പതികൾക്കാണ് സ്‌നേഹഭവനമൊരുക്കിയത്. 
ഇതിനായി ചേലച്ചുവട് സ്വദേശികളായ ചെറ്റയിൽ അനീഷ് ജയിംസ്, സിജോ പറയനിലം എന്നിവർ അഞ്ച്‌ സെന്റ്‌ സ്ഥലം സൗജന്യമായി നൽകി. പാലൂർ രാജീവ്, കെ എച്ച് അലിയാർ എന്നിവർക്കായിരുന്നു വീട് നിർമാണത്തിന്റെ ചുമതല. താക്കോൽദാന ചടങ്ങിൽ ചേലച്ചുവട് ലോക്കൽ സെക്രട്ടറി ജോഷി മാത്യു അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി വി വർഗീസ്, ജില്ലാ കമ്മിറ്റിയംഗം എം ജെ മാത്യു, ഇടുക്കി ഏരിയ സെക്രട്ടറി പി ബി സബീഷ്, നേതാക്കളായ ലിസി ജോസ്, ജി നാരായണൻ നായർ, ഷാജി വാഴക്കാല, പുഷ്‌പാ ഗോപി, പി വി ജോർജ്, വി ജെ തോമസ് എന്നിവർ സംസാരിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top