06 October Sunday

ഉപ്പേരിയില്ലാതെ 
എന്തോണം, 
എന്ത്‌ സദ്യ

സ്വന്തം ലേഖകൻUpdated: Tuesday Sep 10, 2024

തൊടുപുഴ നഗരത്തിലെ കടയിൽ ഏത്തയ്ക്ക ഉപ്പേരി തയ്യാറാക്കുന്നു

 
ഇടുക്കി
ഓണസദ്യയ്‍ക്ക് ഇല വിരിച്ചാല്‍ ഒരറ്റത്ത്‌ നേന്ത്രക്കായ ഉപ്പേരി മലയാളിക്ക്‌ നിർബന്ധാ. തൊലികളഞ്ഞ് കനംകുറച്ചരിഞ്ഞ കായ വലിപ്പമുള്ള ഇരുമ്പുചട്ടിയിലെ തിളച്ചുമറിയുന്ന വെളിച്ചെണ്ണയില്‍ മുങ്ങിപ്പൊങ്ങി മൊരിയുമ്പോ ഒരു മണംവരും. ഓണസദ്യയുടെ ​ഗന്ധം അവിടെനിന്ന് പരക്കാൻ തുടങ്ങും. ഉപ്പേരിയില്ലാത്ത ഓണസദ്യ മലയാളിക്ക്‌ ചിന്തിക്കാനാവില്ല. വീട്ടുവളപ്പിൽനിന്ന്‌ വിളഞ്ഞ നേന്ത്രക്കായ കുത്തിയിട്ട്‌ വീട്ടുകാർ ഒത്തുകൂടി ആഘോഷമായി ഉപ്പേരി വറുക്കുക എന്ന ശീലം ചിലയിടങ്ങളിലെങ്കിലും ശേഷിക്കുന്നു. പക്ഷേ വിപണിയിലെ സുതാര്യമായ പ്ലാസ്‌റ്റിക് കൂടിൽ ലഭിക്കുന്ന തമിഴ്‌നാടൻ കായകളെയാണ് മലയാളികള്‍ ഓണമുണ്ണാൻ ഇപ്പോള്‍ ആശ്രയിക്കുന്നത്. തീവിലയാണെങ്കിലും വാങ്ങാതിരിക്കില്ല. കായവറുത്തതും ശർക്കരവരട്ടിയുമില്ലാതെ എന്ത് ഓണാഘോഷമെന്നാണ് മലയാളിയുടെ ചോദ്യം. 
സ്‍കൂളുകൾ, കോളേജുകൾ, ഓഫീസുകൾ, ക്ലബുകൾ തുടങ്ങി കൂട്ടായ്‌മകളുടെ ഓണാഘോഷങ്ങളിലേക്കുള്ള ഓർഡറുകൾ ലഭിക്കുന്നതോടെ ഉപ്പേരി വിപണി ഉഷാറാകും. കിട്ടിയ ഓർഡർ അനുസരിച്ച് കായവറുക്കുന്ന തിരക്കിലാണ് കച്ചവടക്കാർ. ഓണമടുത്തതോടെ നേന്ത്രക്കായയ്‍ക്ക് വില വർധിച്ചിരുന്നു. രണ്ടുമാസം മുമ്പുവരെ 35–-45 രൂപയായിരുന്ന നേന്ത്രക്കായയ്‍ക്ക് 65മുതൽ 80 രൂപവരെ വില ഉയർന്നിരുന്നു. ഇപ്പോൾ നേരിയ കുറവുണ്ട്‌. വിലവർധന ഉപ്പേരി വിപണിയെയും ബാധിച്ചിട്ടുണ്ട്‌. ഒരുകിലോ കായവറുത്തതിന് 360 മുതൽ 400 രൂപ വരെയാണ്‌ വില. ശർക്കരവരട്ടിയും ഒപ്പത്തിനൊപ്പമുണ്ട്‌, 400 രൂപവരെയാണ് വിപണിവില. തീവ്രമഴയെത്തുടർന്ന്‌ ജില്ലയിലെ വിവിധയിടങ്ങളിൽ കൃഷിനാശമുണ്ടായത്‌ ഏത്തയ്‍ക്ക വിലയുടെ വർധനയ്‍ക്ക് കാരണമായിരുന്നു. എന്തൊക്കെയായാലും കാശെത്ര മുടക്കിയാലും ഓണസദ്യ വിളമ്പുന്ന മലയാളികൾ ഉപ്പേരിയെ മറക്കാറില്ല.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top