22 October Tuesday

"ഓർമ മരത്തണലിൽ’ 14 ന്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019
നെടുങ്കണ്ടം
കല്ലാർ  സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ വിദ്യാർഥികളുടെ സംഗമമായ "ഓർമ്മ മരത്തണലി " ന് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  1964- –-1970 കാലഘട്ടത്തിൽ എസ്എസ്എൽസി കഴിഞ്ഞ് പുറത്തിറങ്ങിയവരാണ്‌ പങ്കെടുക്കുക. 14 ന് രാവിലെ 9.30 മുതലാണ് സംഗമം. ഈ കാലയളവിൽ പഠിച്ചു പുറത്തിറങ്ങിയ ഏഴു ബാച്ചുകളിലുള്ളവരിലെ ജീവിച്ചിരിക്കുന്നവരാണ്‌ വേദിയെ ധന്യമാക്കുക. അവരുടെ കുടുംബാംഗങ്ങളും പൂർവ അധ്യാപകരും  സ്കൂളിലെ നിലവിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളും  അധ്യാപകരും പിടിഎ അംഗങ്ങളുമായി 400 പേർപരിപാടിയിൽ പങ്കെടുക്കും.
 ഏഴു ബാച്ചുകളെ പ്രതിനിധീകരിച്ച് ഏഴുവൃക്ഷ തൈകൾ നട്ടു കൊണ്ടാണ് ഓർമ മരത്തണലിൽ ഒത്തുകൂടുക. തുടർന്ന് ആദ്യകാല ഗുരുനാഥൻ കെ ജി വാസു പണിക്കർ പരിപാടി ഉദ്ഘാടനം ചെയ്യും. ജീവിച്ചിരിക്കുന്ന പൂർവ്വ അധ്യാപകരായ പി പുഷ്കരൻ , അബ്ദുൾ സലാം എന്നിവരെ ചടങ്ങിൽ ആദരിക്കും.
സ്കൂളിലെ പൂർവ്വ വിദ്യാർഥിയും കേരള ഫോക് ലോർ അക്കാദമി ചെയർമാൻ സി ജെ കുട്ടപ്പൻ വേദിയിൽ നാടൻപാട്ടും,  കെ ആർ രാമചന്ദ്രൻ ഉൾപ്പടെയുള്ള പൂർവ്വ വിദ്യാർത്ഥികൾ  അവതരിപ്പിക്കുന്ന കവിയരങ്ങും, കലാപരിപാടികളും ഉണ്ടാകും.
    അരനൂറ്റാണ്ടു മുമ്പ് സഹപാഠികളായിരുന്നവർ ഇനി കണ്ടുമുട്ടുമ്പോൾ പലരെയും തിരിച്ചറിയണമെങ്കിൽ സ്കൂൾ രജിസ്റ്റർ പരിശോധിച്ച് പേര് വിളിച്ച് പരിചയപ്പെടുത്തേണ്ടിവരും. കാരണം 65 നും 75 നും ഇടയിൽ പ്രായമുള്ളവരാണിവർ. 1956 ൽ പുല്ല് മേഞ്ഞ ഷെഡിൽ എൽ പി സ്കൂളായി തുടങ്ങി. പിന്നീട്‌ യുപിയായും തുടർന്ന് ഹൈസ്കൂളായും, ഹയർ സെക്കൻഡറിയായി ഉയർന്നതുമായ ജില്ലയിലെ തന്നെ ഏറ്റവുമധികം വിദ്യാർഥികൾ പഠിക്കുന്ന പൊതു വിദ്യാലയവുമാണ്.
3000 കുട്ടികൾ പഠിക്കുന്ന സ്ക്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.  വാർധക്യത്തിന്റെ അവശതകൾ മറന്നും തങ്ങളുടെ വ്യക്തിത്വ രൂപീകരണത്തിന് അടിത്തറ പാകിയ മാതൃവിദ്യാലയ മുറ്റത്ത് വീണ്ടും ഒത്തുചേരുന്ന പൂർവ്വ വിദ്യാർഥികളെയും, ഗുരുനാഥൻമാരെയും വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നിലവിലെ അധ്യാപകരും  പിടിഎയും. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ കെ കെ സുകുമാരൻ, കെ വി പരമേശ്വരൻ, ജി ഫിലിപ്പോസ്, സി കെ കൃഷ്ണൻകുട്ടി, കെ ആർ രാമചന്ദ്രൻ, ശ്രീകണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top