11 December Wednesday

വനിതാ കമീഷൻ അദാലത്തിൽ വ്യാജ പരാതിയും ആൾമാറാട്ടവും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019
ഇടുക്കി
വനിതാ കമീഷൻ അദാലത്തിൽ വ്യാജ പരാതികൾ വ്യാപകമാകുന്നതിനെതിരെ അധ്യക്ഷ എം സി ജോസഫൈൻ. പൈനാവ് കലക്ടറേറ്റ‌് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ 100 പരാതികൾ കമീഷൻ പരിഗണിച്ചു. ഇതിൽ അഞ്ചുപരാതികൾ വ്യാജമാണെന്ന് പ്രഥമദൃഷ്ട്യ തെളിഞ്ഞു. വ്യാജപരാതികൾ കമീഷന് സമയനഷ്ടവും സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കുന്നതായി എം സി ജോസഫൈൻ പറഞ്ഞു. പൊതുപരാതിയായി എംപ്ലോയ്‌മെന്റ് ഗാർഡൻ റസിഡൻസ് അസോസിയേഷൻ എന്ന സംഘടനയുടെ പേരിൽ 22 സ്ത്രീകൾ നൽകിയ പരാതിയിൽ വാദികളായ ആരും എത്തിയില്ല. ഇവരെ പ്രതിനിധീകരിച്ച് എത്തിയതാകട്ടെ പുരുഷനും. കെഎസ്ഇബി ജീവനക്കാരികളുടെ പേരിൽ നൽകിയ പരാതിയിൽ പേരുവിവരങ്ങൾ ഇല്ലായിരുന്നു. ഇതും വ്യാജപരാതിയായി കമീഷൻ കണക്കാക്കി. ബാങ്കിലെ താൽക്കാലിക ജീവനക്കാരിയായ ഭാര്യയെ പുറത്താക്കിയതിനെ തുടർന്ന് ഭാര്യയുടെ പേരിൽ ഭർത്താവ് നൽകിയ പരാതി ഭാര്യ കമീഷന്റെ മുമ്പിൽ നിഷേധിച്ചു. വിദേശത്ത‌ുനിന്ന‌ുവരെ കമീഷനിൽ വ്യാജ പരാതികളെത്തി. ഇസ്രായേലിൽനിന്നുള്ള യുവതിയുടെ പേരിൽ സൗദിയിലുള്ള യുവാവിനെ പ്രതിയാക്കിയാണ് പരാതിയെത്തിയത്. യുവതിയുടെ ബന്ധുക്കളെത്തി പരാതി അയച്ചിട്ടില്ലെന്ന‌് അറിയിച്ചതോടെ വ്യാജ ഇ-മെയിൽ പരാതിയുടെ ഉറവിടം അന്വേഷിക്കാൻ കമീഷൻ തീരുമാനിച്ചു. വ്യാജപരാതികളുടെ പേരിൽ പുരുഷൻമാരെ കേസിൽ കുടുക്കുന്നതിനോടുള്ള വിയോജിപ്പും കമീഷൻ രേഖപ്പെടുത്തി.
 വഴിത്തർക്കം, സ്വത്ത് തർക്കം തുടങ്ങിയ പരാതികളാണ് കൂടുതലായും കമീഷന്റെ മുന്നിലെത്തിയത്. പോക്‌സോ കേസിലുൾപ്പെട്ട പ്രതിക്കെതിരെ ലഭിച്ച പരാതിയിൽ തുടർ അന്വേഷണം പൊലീസിന് കൈമാറി. 
പരിഗണിച്ച പരാതികളിൽ 10 എണ്ണം തീർപ്പാക്കി. 21 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി. 56 പരാതികളിൽ വാദിയും പ്രതിയും ഹാജരായില്ല. 13 കേസുകൾ പൊലീസിന് കൈമാറി. എം സി ജോസഫൈൻ, കമീഷൻ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, ഇ എം രാധ, കമീഷൻ ഡയറക്ടർ വി യു കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.   
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top