19 November Tuesday

കരിനിഴൽ പടർത്തി കടവാവലുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

തൂക്കുപാലം പാമ്പുമുക്കിന്‌ സമീപം മരത്തിൽ ചേക്കേറിയ കടവാവലുകൾ

 നെടുങ്കണ്ടം

വിരുന്നുകാരെ ദൈവതുല്യരായി കാണുന്നവരാണ്‌ നമ്മൾ. പക്ഷേ അതിഥികൾ തിരികെ മടങ്ങാതിരുന്നാലോ. കെണിയായി കടിച്ചുതൂങ്ങിയ അത്തരം ഒരുകൂട്ടം തലതിരിഞ്ഞ അതിഥികളുടെ കഥ പറയാനുണ്ട്‌ തൂക്കുപാലം പാമ്പുമുക്ക്‌ നിവാസികൾക്ക്‌. ഏതാനും വർഷങ്ങൾക്കുമുമ്പ്‌ പാമ്പുമുക്കിലേക്ക്‌ കുടിയേറിയ ആയിരക്കണക്കിന്‌ കടവാവലുകളാണ്‌ കഥയിലെ വില്ലൻമാർ. പ്രദേശവാസികളായ രാധാകൃഷ്‌ണൻ, ബിജു എന്നിവരുടെ പുരയിടത്തിന്‌ സമീപമുള്ള മരങ്ങളായിരുന്നു ഇവയുടെ താവളം. പെട്ടെന്നൊരു ദിവസം വന്നുകുടിയ ആയിരക്കണക്കിന്‌ കടവാവലുകൾ നാട്ടുകാർക്ക്‌ ആദ്യം കൗതുകമായെങ്കിലും പിന്നീട്‌ കഥ മാറി. വിരുന്നുകാർ തിരിച്ചുപോകാൻ കൂട്ടാക്കിയില്ല. മാത്രമല്ല, സമീപത്തെ കൃഷിയിടങ്ങളിൽ നാശം വിതയ്‌ക്കാനും തുടങ്ങി. ഇവയുടെ കലപില ശബ്ദവും ഉറക്കമില്ലാത്ത രാത്രികളാണ്‌ നാട്ടുകാർക്ക്‌ സമ്മാനിക്കുന്നത്‌. കാപ്പി, കൊക്കോ, ജാതി, പേരയ്‌ക്കാ, ചക്ക എന്നിവയാണ്‌ പ്രധാനമായും ഇവ തിന്നുനശിപ്പിക്കുന്നത്‌. പ്രദേശത്തെ വീടുകളും പുരയിടങ്ങളും ജലാശയങ്ങളുമെല്ലാം ഇവയുടെ വിസർജ്യം വീണ് മലിനമാവുകയാണ്‌. അനുദിനം പെരുകുന്ന കടവാവലുകളെ തുരത്താനുള്ള മാർഗം തേടുകയാണ്‌ നാട്ടുകാർ.
 
 
പ്രധാന വാർത്തകൾ
 Top