19 November Tuesday
ജില്ലയിലെ ഭൂപ്രശ്‌നം

സർവകക്ഷിയോഗം വിളിക്കുമെന്ന്‌ മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019
ഇടുക്കി
ജില്ലയിലെ ഭൂപ്രശ്‌നം പരിഹരിക്കാൻ അടിയന്തരമായി സർവകക്ഷി യോഗം വിളിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളും പട്ടയവും കാർഷിക വിഷയങ്ങളും പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ നിവേദനം നൽകിയ കർഷകസംഘം പ്രതിനിധികളെയാണ്‌ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്‌. കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ കോലിയക്കോട്‌ കൃഷ്‌ണൻനായർ, സെക്രട്ടറി കെ വി രാമകൃഷ്‌ണൻ, ജില്ലാ സെക്രട്ടറി എൻ വി ബേബി എന്നിവരാണ്‌ തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രിയെ നേരിൽകണ്ട്‌ നിവേദനം നൽകിയത്. സംസ്ഥാന വർക്കിങ്‌ കമ്മിറ്റിയംഗങ്ങളായ പി പി ചന്ദ്രൻ, എൻ ശിവരാജൻ എന്നിവരും സംഘത്തിനൊപ്പം ഉണ്ടായിരുന്നു. ജില്ലയിലെ കാർഷിക പ്രശ്‌നങ്ങളിൽ ഇടപെടണമെന്നും പട്ടയവിതരണം ഉടൻ പൂർത്തിയാക്കണമെന്നും നിവേദനത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു.  
ഡിസംബറിൽ നടക്കുന്ന മെഗാ പട്ടയമേളയിൽ അർഹരായ പരമാവധി ആളുകൾക്ക്‌ പട്ടയം നൽകും. ഏലം മേഖലയിലെ കർഷകരെ സഹായിക്കാൻ സർക്കാൻ മുൻകൈ എടുത്ത്‌ സഹകരണസംഘം രൂപീകരിക്കും. സഹകരണ സംഘംവഴി ന്യായമായ വില ഉറപ്പാക്കി ഏലക്ക സംഭരണവും വിതരണവും നടത്തുമെന്നും മുഖ്യമന്ത്രി കർഷകസംഘം നേതാക്കൾക്ക്‌ ഉറപ്പുനൽകി. 2019 ആഗസ്‌ത്‌ 22ലെ ഭൂവിനിയോഗ ഉത്തരവിലെ പോരായ്‌മകൾ പരിശോധിക്കാനും കർഷകരുടെ ആശങ്ക പരിഹരിക്കാനും സർവകക്ഷി യോഗത്തിൽ തീരുമാനമാകും. 1964ലെ ഭൂനിയമവും 1993 ലെ കുടിയേറ്റ ക്രമീകരിക്കൽ നിയമത്തിലെ മൂന്നാംവകുപ്പും മുൻകാല പ്രാബല്യത്തോടെ മാറ്റം വരുത്തണമെന്നും നിവേദനസംഘം ആവശ്യപ്പെട്ടു. 1958ന്‌ ശേഷം ഭൂപതിവ്‌ നിയമങ്ങളുമായി ബന്ധപ്പെട്ടുള്ള 27 ഉത്തരവുകളിൽ 14 എണ്ണത്തിലും പറയുന്നത്‌ പട്ടയഭൂമിയിൽ കൃഷിയും വീടും വയ്‌ക്കാനാണ്‌ അനുമതിയുള്ളത്‌ എന്നാണ്‌. എന്നാൽ, ജനസംഖ്യ വർധനയും ആളുകളുടെ ജീവിതാവശ്യങ്ങൾ കൂടുകയും ചെയ്‌തതോടെ ഭൂനിയമങ്ങൾ പലതും കാലഹരണപ്പെട്ടു.  
 സ്വതന്ത്ര വ്യാപാര കരാറുകളും ആഗോളവൽക്കരണവും കാർഷികരംഗത്തെ വിലത്തകർച്ചയും കൃഷിക്കാരുടെ ജീവിതം പ്രതിസന്ധിയിലാക്കി. കാലവസ്ഥാ വ്യതിയാനവും ഗണ്യമായ ഉൽപ്പാദനക്കുറവും ജില്ലയിലെ ഏലം, കാപ്പി, കുരുമുളക്‌, റബർ കർഷകരെ പ്രതികൂലമായി ബാധിച്ചു. ഈ സാഹചര്യത്തിൽ കൃഷിയും അനുബന്ധ വ്യവസായങ്ങളും സംരക്ഷിക്കണമെന്നും നിവേദനത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടി. കുടിയേറ്റ ജനതയുടെ പ്രശ്‌നങ്ങൾ മാനുഷിക പരിഗണനയോടെ സാധ്യമായ എല്ലാവിധത്തിലും ഉടൻ പരിഹരിക്കുമെന്ന്‌ മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്‌.
 
 
പ്രധാന വാർത്തകൾ
 Top