17 October Thursday
ഡിവൈഎഫ്ഐ ജില്ലാ പഠനക്യാമ്പ്

ശാസ്ത്രബോധം വളർത്താൻ ഇടപെടൽ വേണം; മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019

 അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്ന ശക്തികൾക്കെതിരെ സമൂഹത്തിൽ ശാസ്ത്രബോധം വളർത്താൻ ആവശ്യമായ ഇടപെടൽ നടത്താൻ യുവാക്കൾ മുന്നോട്ടു വരണമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്. ഡിവൈഎഫ്ഐ ജില്ലാ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി പി സുമേഷ് അധ്യക്ഷനായി. 

കാലത്തിന്റെ മാറ്റങ്ങൾക്കനുസരണമായി പ്രവർത്തന രീതിയിലും മാറ്റം വരുത്തേണ്ടതുണ്ട്. പുരോഗമന മതനിരപേക്ഷ ശക്തികൾ ആഗ്രഹിച്ച തെരഞ്ഞെടുപ്പ് വിജയം രാജ്യത്തുണ്ടായില്ല. ഇപ്പോഴുണ്ടായിട്ടുള്ള തെരഞ്ഞെടുപ്പ് പരാജയം താൽകാലികമായ തിരിച്ചടി മാത്രമാണ്. കേരളത്തിൽ എൽഡിഎഫ് സർക്കാരിനെതിരായ ഒരു വികാരവും പ്രകടമായിട്ടില്ല. നിയമസഭയിലേക്കും ലോക്‌സഭയിലേക്കും രണ്ടു തരത്തിൽ വോട്ടു ചെയ്യുന്ന രീതിയാണ് കണ്ടു വരുന്നത്. എൽഡിഎഫിനെയും സർക്കാരിനെയും സ്നേഹിക്കുന്ന ഒരു വിഭാഗം മോഡി പേടിയിൽ യുഡിഎഫിന് വോട്ടു ചെയ്തിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
മൂന്നുനാൾ നീളുന്ന ക്യാമ്പിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായി, കരിമണ്ണൂർ ഏരിയ സെക്രട്ടറി എൻ സദാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു. സ്വാഗത സംഘം ചെയർമാൻ കെ എം സോമൻ സ്വാഗതം പറഞ്ഞു. ഞായറാഴ്ച പി ജെ വിൻസന്റ‌്, എസ് കെ സജീഷ‌്, സി ബി ദേവദർശൻ, അഡ്വ. കെ അനിൽകുമാർ എന്നിവർ ക്ലാസെടുക്കും. ക്യാമ്പ് തിങ്കളാഴ്ച സമാപിക്കും.
പ്രധാന വാർത്തകൾ
 Top