തൊടുപുഴ
ജാഗ്രത കുറഞ്ഞതോടെ ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു. ഒന്നിടവിട്ട ദിവസങ്ങളിലായി രോഗികളുടെ എണ്ണം നൂറുകടക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ജാഗ്രതക്കുറവും രോഗംപടരാൻ ഇടയാക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചയാണുള്ളത്. ശരിയായവിധം മാസ്ക് ധരിക്കാതെയാണ് പലരും നിരത്തിലിറങ്ങുന്നത്. സ്ഥാപനങ്ങളിലെ തിരക്കും അനിയന്ത്രിതമാണ്. വ്യാഴാഴ്ച ജില്ലയിൽ 125 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 111 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എട്ടുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. 39 പേർ കോവിഡ് രോഗമുക്തി നേടി. തൊടുപുഴയിൽ അതിവേഗം രോഗികളുടെ എണ്ണം ഉയരുകയാണ്. വ്യാഴാഴ്ച 26 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കട്ടപ്പനയിൽ 10 പേർക്കാണ് രോഗം. കഞ്ഞിക്കുഴിയിൽ എട്ടും കരിമണ്ണൂർ, കുമാരമംഗലം എന്നിവിടങ്ങളിൽ ഏഴു വീതവും മരിയാപുരത്ത് ആറും ഉപ്പുതറയിൽ അഞ്ചും രോഗികളുണ്ട്. തൊടുപുഴ, കോലാനി, കുമാരമംഗലം, കുണിഞ്ഞി, നാരകക്കാനം, ഇരട്ടയാർ, ഏലപ്പാറ, പീരുമേട് മ്ലാമല എന്നിവിടങ്ങളിലാണ് ഉറവിടം സ്ഥിരീകരിക്കാത്ത രോഗികളുള്ളത്. ജില്ലയിൽ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 277 പേർ ചികിത്സയിലുണ്ട്. 221 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. വീട്ടിൽ നിരീക്ഷണത്തിൽ 1055 പേരും കഴിയുന്നു. വ്യാഴാഴ്ച 334 പേരാണ് വീട്ടിലിരിക്കുന്നത്. ആകെ 2909 പേർ വീട്ടിൽ നിരീക്ഷണത്തിലാണ്. ആദ്യ രോഗം റിപ്പോർട്ട് ചെയ്തതുമുതൽ ഇതുവരെ ജില്ലയിൽ 28,558 പേർക്കാണ് കോവിഡ് ബാധിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. 28,509 പേർ രോഗമുക്തരായി. മരിച്ച 49 പേരിൽ കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..