27 January Monday

ഉടുമ്പന്‍ചോല-–- ചിത്തിരപുരം– രണ്ടാംമൈൽ റോഡ്‌ നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2019

 ഇടുക്കി

ഉടുമ്പൻചോല– ചിത്തിരപുരം– രണ്ടാംമൈൽ റോഡിന്റെ നിർമാണം മന്ത്രി എം എം മണി ഉദ്‌ഘാടനം ചെയ്‌തു. ആറ് പഞ്ചായത്തുകളിലെ ഗ്രാമീണമേഖലയിൽകൂടി പോകുന്ന റോഡ് ഗ്രാമങ്ങളുടെയും വിനോദസഞ്ചാര മേഖലയുടെയും വികസനത്തിന് വഴിതെളിക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ പിന്തുണ നാടിന്റെ വികസനത്തിന് ആവശ്യമുണ്ടെന്നും ജില്ലക്കാരനെന്ന നിലയിൽ കർഷകർക്ക് 10 ചെയിനിലും ഉപാധിരഹിത പട്ടയം നൽകണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.    
 കുമളി– മൂന്നാർ പാതയ്‌ക്ക്‌ സമാന്തരമായാണ്‌ പുതിയറോഡ് നിർമിക്കുന്നത്. ഉടുമ്പൻചോലയിൽ തുടങ്ങി ചിത്തിരപുരം രണ്ടാംമൈലിൽ ദേശീയപാതയോട് കൂടിച്ചേരും വിധത്തിലാണ് പാതയുടെ രൂപരേഖ. 45.88 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന് 154.22 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
 അഞ്ച് പുതിയ പാലങ്ങളും റോഡിൽ ഉണ്ടാകും. ഒന്നരവർഷത്തിനുള്ളിൽ മൂന്ന് ഘട്ടങ്ങളായി റോഡ് നിർമാണം പൂർത്തീകരിക്കും. ഇതിനൊപ്പം ചെമ്മണ്ണാർ‐ഗ്യാപ്പ് റോഡിന് 120 കോടിയും മൈലാടുംപാറ‐ കുത്തുങ്കൽ റോഡിന് 17 കോടിയും അനുവദിച്ച് കരാറായിട്ടുണ്ട്. 
  പുതിയ റോഡ് തുറക്കുന്നതോടെ ഗ്രാമീണ മേഖലയിലേക്ക് കൂടുതൽ കെഎസ്ആർടിസി ബസുകളും വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളും എത്തിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഉടുമ്പൻചോലയിൽനിന്ന് ചെമ്മണ്ണാർ‐ മാങ്ങാത്തൊട്ടി‐ എൻആർ സിറ്റി‐ രാജാക്കാട്‐എല്ലക്കൽ‐ ഇരുപതേക്കർ‐ പൊട്ടൻകാട്‐ പവർഹൗസ്‐ രണ്ടാംമൈൽ ടൗണിലൂടെയാണ് പാത പോകുന്നത്. ഗ്രാമീണമേഖലയുടെ സമഗ്ര വികസനവും പുതിയ റോഡ് നിർമാണം പൂർത്തിയാകുന്നതോടെ സാധിക്കും. 
ചടങ്ങിൽ എസ് രാജേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. മുൻ എംഎൽഎ കെ കെ ജയചന്ദ്രൻ, ഉടുമ്പൻചോല പഞ്ചായത്ത് പ്രസിഡന്റ് ശശികല മുരുകേശൻ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ, ജില്ലാ പഞ്ചായത്തംഗം നിർമല നന്ദകുമാർ, വനം വികസന കോർപറേഷൻ ഡയറക്ടർ ബോർഡംഗം പി എൻ വിജയൻ, സംഘാടക സമിതി കൺവീനർ എൻ പി സുനിൽകുമാർ എന്നിവർ സംസാരിച്ചു. പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എൻജിനിയർ ജാഫർ ഖാൻ റിപ്പോർട്ട് അവതരിപ്പിച്ചു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top