14 October Monday

ഡ്രാഗൺ ഫ്രൂട്ട് വെറുമൊരു ഫ്രൂട്ടല്ല...

എ ആർ അനീഷ്Updated: Sunday Sep 8, 2024

ഡ്രാഗൺ ഫ്രൂട്ട് കൃഷി തോട്ടത്തിൽ സജിയും കുടുംബവും

മൂലമറ്റം 
ആരോഗ്യദായകമായ ഫലവൃക്ഷ കൃഷിനടത്തി വിജയക്കൊടി പാറിക്കുകയാണ് വെള്ളിയാമറ്റം സ്വദേശി പൂവത്താനിക്കൽ സജി. ഡ്രാഗൺ ഫ്രൂട്ടാണ് പ്രധാനം. 75 സെന്റ് സ്ഥലത്താണ് സജി കൃഷി ചെയ്യുന്നത്. റബറിന് വില കുറഞ്ഞതോടെയാണ് ഫലവൃക്ഷ കൃഷിയിലേക്ക് തിരിഞ്ഞത്. കള്ളിമുൾച്ചെടിയുടെ വർഗത്തിൽപ്പെടുന്ന ഡ്രാഗൺ ഫ്രൂട്ട് തോട്ടങ്ങൾ സന്ദർശിച്ചും പഠിച്ചശേഷമായിരുന്നു തുടക്കം.  2022 ലാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷി ആരംഭിച്ചത്. അമേരിക്കൻ ബ്യൂട്ടി ഇനത്തിൽപ്പെട്ട ചുവപ്പ് നിറമുള്ള 110 ഡ്രാഗൺ ഫ്രൂട്ടാണ് ഈ കർഷകന്റെ  കൃഷിയിടത്തിലുള്ളത്. ഉള്ളിലെ മാംസളമായ ഭാഗത്തിന് പിങ്ക് നിറമാണ്. ചൂടുള്ള കാലാവസ്ഥയും ജൈവാംശമുള്ള  മണ്ണുമാണ് ഡ്രാഗൺ ഫ്രൂട്ടിന് അനുയോജ്യം. കൃഷിക്കായി മണ്ണ് നന്നായി കിളച്ച് വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും ഉണക്ക ചാണകപ്പൊടിയും ചേർത്ത് കുഴി മൂടിയാണ് നടുന്നത്.  മറ്റു ചെടികൾക്ക് നൽകുന്നതുപോലെ ഇതിന് അധികജലസേചനത്തിന്റെ ആവശ്യമില്ല. വേനൽക്കാലത്ത് നനച്ചു കൊടുക്കണം. വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം വളം നൽകും. ചാണകം പുളിപ്പിച്ച് ഒഴിച്ചുകൊടുക്കുന്നതിനു പുറമെ കോഴിവളവും നൽകും. മാർച്ച്–-ജൂലൈ  കാലയളവിലാണ് ചെടികളിൽ പൂക്കൾ ഉണ്ടാകുന്നത്. വൈകിട്ട് വിരിഞ്ഞുതുടങ്ങുന്ന പൂക്കൾ പിറ്റേദിവസം രാവിലെ ചുരുങ്ങും പൂക്കൾ വിരിഞ്ഞ് 30– -40 ദിവസത്തിനകം പഴങ്ങൾ വിളവെടുക്കാം. ഒരു ചെടിയിൽനിന്ന് ആറു പ്രാവശ്യം വരെ വിളവു ലഭിക്കും. ഒരു പഴത്തിന് 400 മുതൽ 700 ഗ്രാം വരെ തൂക്കം ഉണ്ടാകും. പ്രാദേശിക മാർക്കറ്റുകളിലാണ് സജി കൂടുതലായും വിൽപ്പന നടത്തുന്നത്. കിലോയ്ക്ക് 150 രൂപ മുതൽ മുകളിലേക്ക് ലഭിക്കും. വീട്ടിലെത്തി പഴങ്ങൾ വാങ്ങുന്നവരുമുണ്ട്. ഡ്രാഗൺ ഫ്രൂട്ടിന്റെ പുറംതൊലി കളഞ്ഞ് കഷണങ്ങളാക്കി നേരിട്ട് ഭക്ഷിക്കാം. ഇതിനുപുറമേ ഷേക്ക് ഉണ്ടാക്കി കഴിക്കാം. സലാഡിൽ ചേർത്താൽ രുചിയേറും.കേക്ക് നിർമാണത്തിനും ചില ഭക്ഷ്യവസ്തുക്കളുടെ നിർമാണത്തിനും ചേരുവയായി ഇതുപയോഗിക്കുന്നുണ്ട്. 
പോഷക ഗുണങ്ങളാൽ 
സമ്പന്നം
പോഷക ഗുണങ്ങളാൽ സമ്പന്നമാണ് ഡ്രാഗൺ ഫ്രൂട്ട്. ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ഈ പഴം പ്രമേഹം, കൊളസ്ട്രോൾ, സന്ധിവേദന ,ആസ്ത്മ എന്നിവയ്ക്ക് ശമനം നൽകാൻ ഉത്തമം. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുമെന്നതിനാൽ ഇതിനു നല്ല ഡിമാൻഡാണ്. 
 അഞ്ചേക്കർ തോട്ടത്തിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി കൂടാതെ അവക്കാഡോ, അബിയൂ, സപ്പോട്ട, മാംഗോസ്റ്റിൻ, മിൽക്ക് ഫ്രൂട്ട്, ഫുലാസാൻ, റംബൂട്ടാൻ, ദുരിയാൻ, മിറക്കിൾ ഫ്രൂട്ട് ,മരമുന്തിരി, വിവിധയിനം മാവ് തുടങ്ങിയവയുമുണ്ട്. ഇതിനുപുറമേ ജാതി, കരിമുണ്ടയിനം കുരുമുളക്, കമുക് തുടങ്ങിയ കൃഷികളും ചെയ്യുന്നുണ്ട്.  ഭാര്യ ഷിമ്മിയും മക്കളായ റോസന്ന,റോഷനും സജിയെ സഹായിക്കാനുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top