19 April Monday

ഓൺലൈൻ പഠനത്തിൽ 
തെളിഞ്ഞ്‌ കാടിന്റെ മക്കൾ

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021
മറയൂർ
ഓൺലൈനിലൂടെ പഠിച്ച് എസ്എസ്എൽസി പരീക്ഷയ്‌ക്ക് തയ്യാറെടുത്ത കാടിന്റെ മക്കൾ നിറഞ്ഞ ആത്മവിശ്വാസത്തോടെ എത്തും. മറയൂരിലെ മഹിളാ സമഖ്യ ശിക്ഷൺ കേന്ദ്രത്തിൽ ഇടമലക്കുടി, കുളച്ചിവയൽ, ചിന്നപ്പാറക്കുടി, കരിമുട്ടിക്കുടി എന്നിവിടങ്ങളിലെ ഒമ്പതുപേരാണ് എൽഎസ്‌എൽസി‌ പരീക്ഷയ്‌ക്കായി ഒരുങ്ങുന്നത്‌‌. മറയൂർ സർക്കാർ ഹൈസ്‌കൂളിലാണ്‌ ഇവർ പരീക്ഷ എഴുതുന്നത്‌. എം മണിമാല, ആർ ശാന്തി, ബി പരാശക്തി, എ നിമ്മി, എൻ ഭവാനി എന്നിവർ ഇടമലക്കുടിയിൽനിന്നുള്ളവരാണ്‌. ചിന്നപ്പാറകുടിയിലെ കെ ഗോപിക, തെന്മലയിലെ ജെ അനുഷ്യ, കുളച്ചിവയലിലെ ദീപ, കരിമുട്ടികുടിയിൽനിന്നുള്ള അനീഷ എന്നിവരും പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നു.
     ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയ സമയത്ത് നിരവധി പ്രതിസന്ധികളും ആശങ്കകളുമായിരുന്നു ഇവർ നേരിട്ടത്‌. മിക്ക കുടികളിലും വൈദ്യുതിയും ഇന്റർനെറ്റ് സംവിധാനങ്ങളും മൊബൈൽ റേഞ്ചും ലഭിക്കാത്തത് പ്രതിസന്ധിയുണ്ടാക്കി. കോവിഡ് മാനദണ്ഡങ്ങളിൽ ഇളവു വരുത്തിയതോടെ വിവരങ്ങൾ ശേഖരിച്ച് പത്താംക്ലാസ് കുട്ടികളെ മഹിളാ സമഖ്യയുടെ മറയൂരിലെ ഹോസ്റ്റലിൽ എത്തിച്ചു. ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഇന്റർനെറ്റ് സംവിധാനവും വിക്ടേഴ്സ് ചാനൽ കാണുന്നതിനായി ടിവിയും സജ്ജീകരിച്ചു. മറയൂരിൽ വൈദ്യുതി സബ് സ്റ്റേഷന്റെ നിർമാണത്തിനിടെ വൈദ്യുതി തടസ്സവും‌ നേരിട്ടു. ഇവിടുത്തെ ജീവനക്കാർ രണ്ടു പേർ ബിഎഡ് ബിരുദധാരികളായതിനാൽ കുട്ടികൾക്ക് പഠനത്തിന്‌ ഏറെ ഗുണംചെയ്‌തു. രാത്രികാലങ്ങളിൽ മൊബൈലിൽ യൂട്യൂബ് വഴി ക്ലാസുകൾ വീണ്ടും കാണിച്ചാണ്‌ പഠനം മെച്ചമാക്കിയത്‌. മഹിളാ സമഖ്യ ജില്ലാ റിസോഴ്സ് പേഴ്സൺ ബിന്ദുമോൾ പി ജോർജാണ് കുട്ടികൾക്ക് കൗൺസലിങ്ങും മറ്റ്‌ സൗകര്യങ്ങളും ഒരുക്കിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top