25 May Monday

സ്‌നേഹസ്‌പർശവുമായി ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020
 നെടുങ്കണ്ടം
ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ ജീവിതശൈലി രോഗങ്ങൾ ബാധിച്ചവർക്ക് സഹായവുമായി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി. വീടുകളിൽ കഴിയുന്ന ജീവിതശൈലി രോഗബാധിതരെ ഉൾപ്പെടെ പരിശോധിക്കാൻ എല്ലാ പഞ്ചായത്തിലും സന്നദ്ധ ടീമിനെ തയ്യാറാക്കും. ‘കരുതൽകാലത്ത് ആരോഗ്യം സംരക്ഷിക്കാം’ എന്ന മുദ്രാവാക്യം ഉയർത്തി സ്നേഹസ്‌പർശം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്ന് പേരടങ്ങുന്ന സന്നദ്ധടീമിൽ ഒരു ലാബ് അസിസ്റ്റന്റും സർക്കാരിന്റെ സന്നദ്ധ സേനയിലെ രണ്ട്‌ അംഗങ്ങളും ഉണ്ടാകും.
 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽനിന്ന്‌ ജീവിതശൈലി രോഗബാധിതരുടെ പട്ടിക സമാഹരിച്ചും ഡിവൈഎഫ്ഐയുടെ ഹെൽപ്പ് ലൈൻ നമ്പരിൽ ബന്ധപ്പെടുന്ന വീടുകളിലും എത്തി പരിശോധന നടത്തും. ചികിത്സ ആവശ്യമായി വരുന്ന ഘട്ടത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുത്തി ചികിത്സ ഉറപ്പാക്കും. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചായിരിക്കും വീടുകളിൽ സന്നദ്ധ ടീം എത്തുക. 
 കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ സജീവമാണ്‌. ആശുപത്രികൾ ഐസൊലേഷൻ സംവിധാനം സജ്ജമാക്കി. ജില്ലയിൽ ഇതുവരെ പതിനായിരത്തോളം മാസ്‌ക്‌ നിർമിച്ചുനൽകി. രക്തദാനത്തിലും മരുന്നുകളും അവശ്യസാധനങ്ങളും എത്തിച്ചുനൽകുന്നതിലും യുവത മുന്നിലുണ്ട്‌. പൊലീസ് ഉദ്യോഗസ്ഥർക്ക് ദാഹജലവും ഭക്ഷണവും ഒരുക്കിയും നാടിനൊപ്പം നിൽക്കുന്ന മുഴുവൻ പ്രവർത്തകരും പച്ചക്കറി കൃഷിയും സ്നേഹസ്പർശവും വിജയിപ്പിക്കാൻ രംഗത്തിറങ്ങണമെന്ന്‌ ജില്ലാ സെക്രട്ടറി രമേഷ്‌ കൃഷ്‌ണൻ,  പ്രസിഡന്റ് പി പി സുമേഷ് എന്നിവർ അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
 Top