26 May Tuesday

രാജീവിന്റെ നിറക്കൂട്ടിൽ വിരിഞ്ഞത്‌ സൗഹൃദത്തിൻ ചിത്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020
ഇടുക്കി
നിറക്കൂട്ടുകൾകൊണ്ട് ലോക്ക് ഡൗൺ കാലത്ത് തന്റെ വിരസത ഒഴിവാക്കുകയാണ് ചിത്രകാരനും തൊഴിൽ പരിശീലകനുമായ രാജീവ് ചെല്ലാനം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തന്റെ സുഹൃത്തുക്കളുമായുള്ള ആത്മബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനാണ് രാജീവ് അദ്ദേഹത്തിന്റെ ഏറിയ സമയവും ചെലവഴിച്ചത്. ഇതിനായി അദ്ദേഹം തെരഞ്ഞെടുത്തത് സ്വയം കൈവശമുണ്ടായിരുന്ന ചിത്രകലയും. വർണങ്ങൾകൊണ്ട് ക്യാൻവാസിൽ സുഹൃത്തുകളുടെ വേറിട്ട ഭാവങ്ങൾ വരച്ചെടുക്കുന്ന തിരക്കിലാണ് രാജീവ് ഇപ്പോൾ. തോക്കുപാറയിലെ വീട്ടിലിരുന്ന് ഓർമയിൽ തെളിയുന്ന സുഹൃത്തുക്കളുടെ ചിത്രം നവമാധ്യമങ്ങളിൽനിന്ന്‌ തപ്പിയെടുത്താണ് രാജീവ് ക്യാൻവാസിൽ ജീവസുറ്റ ചിത്രങ്ങളാക്കി തീർക്കുന്നത്.
 തിരക്കുകൾക്കിടയിൽ ലഭിച്ച ഈ ദിവസങ്ങളിൽ മങ്ങലേറ്റ സുഹൃദ് ബന്ധങ്ങൾ പൊടി തട്ടിയെടുക്കാൻ കഴിഞ്ഞെന്ന് രാജീവ് ചെല്ലാനം പറഞ്ഞു. കളർ ഫോട്ടോഗ്രാഫിക്ക് മുമ്പേ ചിത്രങ്ങൾ തീർക്കാൻ ഉപയോഗിച്ചിരുന്ന സ്റ്റമ്പിങ്ങ് കളർ പൗഡറിലാണ് രാജീവ് ചിത്രങ്ങൾ ഒരുക്കുന്നത്. എറണാകുളം ചെല്ലാനം സ്വദേശിയാണെങ്കിലും ഏറെ നാളായി രാജീവ്, അടിമാലി തോക്കുപാറയിലാണ് താമസിക്കുന്നത്.
മുമ്പും രാജീവ് ചെല്ലാനം ചിത്രരചനയിലൂടെ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. മൂന്നാർ ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി ടൗണിലെ മതിലുകൾ ചിത്രങ്ങളാൽ വർണാഭമാക്കിയതും അടിമാലി ആയിരമേക്കർ ജനത യുപി സ്‌കൂളിന്റെ ഭിത്തികളിൽ ചിത്രങ്ങൾ ചാലിച്ചതും ഈ ചിത്രകാരനായിരുന്നു. പിന്തുണയുമായി ഭാര്യയും മലയാള അധ്യാപികയുമായ ബിന്ദു രാജീവും ഒപ്പമുണ്ട്. പുതിയ തിരക്കുകളിലേക്ക് ചേക്കേറുംമുന്നേ ഇദ്ദേഹത്തിന് ഈ ലോക്ക് ഡൗൺകാലത്ത് ഒരുപാട് സുഹൃത്തുക്കളുമായി ചിത്രങ്ങളിലൂടെ സംവദിക്കേണ്ടതുണ്ട്. അത് മാനസിക അടുപ്പം നിലനിർത്തി ശാരീരിക അലകം പാലിച്ചുതന്നെയാണ്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top