26 March Sunday
നിരക്കുകള്‍ കുറച്ച് ഏകീകരിച്ചു

ജല പരിശോധന ലാബുകളില്‍ പുതുക്കിയ പാക്കേജുകള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023
കട്ടപ്പന
ജല അതോറിറ്റിക്ക് കീഴിലുള്ള ജില്ലയിലെ ജല പരിശോധന ലാബുകളിൽ കുറഞ്ഞ നിരക്കിലുള്ള അഞ്ച് പാക്കേജുകൾ നിലവിൽ വന്നു. വാണിജ്യാവശ്യത്തിനുള്ള ലൈസൻസിനായി ജില്ല, ഉപജില്ല ലാബുകളിൽ ഏകീകരിച്ച പുതിയ നിരക്കിൽ പരിശോധിക്കാം. ഇതുപ്രകാരം പുതുക്കിയ നിരക്കിൽ 17 രാസ- ഭൗതികഘടകങ്ങൾ പരിശോധിക്കാൻ 2450 രൂപയും ബാക്ടീരിയയുടെ സാന്നിധ്യം ഉൾപ്പെടെ ഒമ്പത് ഘടകങ്ങൾ പരിശോധിക്കാൻ 1590 രൂപയുമാണ്. 625 രൂപയ്ക്ക് ഇ കോളി, കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം മാത്രം പരിശോധിക്കാം. മുമ്പ് ജില്ലാ ലാബിൽ 3300 രൂപയും ഉപജില്ലാ ലാബിൽ 2230 രൂപയുമായിരുന്നു.
നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ഓഫ് ലബോർട്ടറീസ്(എൻഎബിഎൽ) അംഗീകാരം ലഭിച്ച ഇടുക്കി മെഡിക്കൽ കോളേജിനു സമീപമുള്ള ജില്ലാ ലബോറട്ടറി, തൊടുപുഴ, അടിമാലി പതിനാലാം മൈൽ, ചെറുതോണി ഉപജില്ലാ ലാബുകൾ എന്നിവയാണ് അതോറിറ്റിയുടെ ജലഗുണനിലവാര പരിശോധന വിഭാഗത്തിനുള്ളത്. ആവശ്യങ്ങൾക്കനുസരിച്ച് ഓരോരോ ഘടകങ്ങൾ മാത്രമായും പരിശോധിക്കാം. മൂന്നെണ്ണം വരെയുള്ള വ്യക്തിഗത ഘടക പരിശോധന നിരക്കിനൊപ്പം 100 രൂപ നിശ്ചിത ചാർജ് ഈടാക്കും. ഉപഭോക്താക്കൾക്ക് ഓൺലൈനായി ഫീസ് അടച്ച് പരിശോധന നടത്താം.
രാസ- ഭൗതിക രാസപരിശോധനയ്ക്കുള്ള വെള്ളം രണ്ട് ലിറ്ററിന്റെ ശുദ്ധമായ കാനിലും ബാക്ടീരിയോളജിക്കൽ പരിശോധനകൾക്കായി 200 മില്ലിലിറ്റർ വെള്ളം അണുവിമുക്തമായ കുപ്പിയിലും ശേഖരിച്ച് ലാബിൽ എത്തിക്കണം. ലൈസൻസിന് ഹെൽത്ത് ഇൻസ്പെക്ടർ എടുത്തുനൽകുന്ന വെള്ളത്തിനൊപ്പം സാക്ഷ്യപ്പെടുത്തിയ കത്തും നൽകണം. പരിശോധന റിപ്പോർട്ട് നാലുമുതൽ ആറു പ്രവൃത്തിദിനത്തിനുള്ളിൽ ഓൺലൈനായോ നേരിട്ടോ ലഭിക്കും. ഫോൺ: 04862 294353(ഇടുക്കി ജില്ലാ ലാബ്), അസിസ്റ്റന്റ് എൻജിനിയർ(8547638131).
ഗാർഹിക നിരക്കിൽ 
മാറ്റമില്ല
നിലവിലുള്ള ഗാർഹിക പരിശോധന പാക്കേജിലെ 850, 500 രൂപ നിരക്കുകൾ തുടരും. 850 രൂപയുടെ പാക്കേജിൽ ബാക്ടീരിയ ഉൾപ്പെടെ ഒമ്പത് ഘടകങ്ങൾ പരിശോധിക്കാം. ജൈവഘടകങ്ങൾ മാത്രം പരിശോധിക്കാൻ 500 രൂപയാണ്. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽനിന്നുള്ള സാമ്പിളുകൾ ഗാർഹിക വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതുക്കിയ 
പാക്കേജുകളും 
നിരക്കും
വാണിജ്യം ബാക്ടീരിയോളജി 625, പ്രത്യേക പാക്കേജ് 1590, വിശദമായ രാസ- ഭൗതിക പരിശോധന 2450, ഭൗതിക പരിശോധന രണ്ട് 1625. ഗാർഹികം- ബാക്ടീരിയോളജി 500, രാസ- ഭൗതിക- ബാക്ടീരിയോളജി പരിശോധന 850.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top