24 October Thursday

മാവേലി വന്നാലും മായത്തിന്‌ പഞ്ഞമില്ല

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019
തൊടുപുഴ 
ഓണമായാലും മാവേലി വന്നാലും മായത്തിന്‌ പഞ്ഞമില്ല. ഭക്ഷ്യസുരക്ഷാ വകുപ്പ‌് നടത്തിയ പരിശോധനകളിൽ വൻതോതിൽ മായം കലർന്ന വിഭവങ്ങളാണ്‌ പിടികൂടിയത്‌. ഓണം സ‌്പെഷ്യൽ സ്‌ക്വാഡ‌് ജില്ലയിൽ 118 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.  തൊടുപുഴയിലെ രണ്ട‌് മീൻ വിൽപ്പന ശാലകളിൽനിന്നായി 42 കിലോയോളം പഴകിയ മീൻ പിടിച്ചെടുത്ത‌് നശിപ്പിച്ചു. കടകൾക്ക‌് നോട്ടീസും നൽകി. ക്ഷീരവികസന വകുപ്പുമായി സഹകരിച്ച‌് 10 വരെ കുമളി ചെക്ക‌്പോസ്റ്റിൽ 24 മണിക്കൂറും പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന‌് രണ്ട‌് ഫുഡ‌് സേഫ‌്റ്റി ഉദ്യോഗസ്ഥന്മാരെ നിയമിച്ചു. ഭക്ഷ്യവസ‌്തുക്കളുടെ 28 സാമ്പിളുകൾ പരിശോധനയ്‌ക്കായി അയച്ചു. നിയമാനുസൃതമല്ലാതെ പ്രവർത്തിച്ച ഹോട്ടലുകളും ബേക്കറികളും ഉൾപ്പെടെ 36 സ്ഥാപനങ്ങൾക്ക‌് നോട്ടീസ‌് അയച്ചു. 24 സ്ഥാപനങ്ങളിൽനിന്നായി 96,000 രൂപ പിഴ ഈടാക്കുകയും ചെയ്‌തു. പരിശോധനയിൽ പാചകം ചെയ‌്ത ഭക്ഷ്യവസ്ത‌ുക്കളിൽ രാസവസ്‌തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തി. പല സ്ഥാപനങ്ങളും വൃത്തിഹീനമായ സാഹചര്യത്തിലാണ‌് പ്രവർത്തിക്കുന്നതെന്നും കണ്ടെത്താനായി. 
ഓണത്തിന‌് താൽക്കാലിക സ്റ്റാളുകൾ നടത്താൻ ഉദ്ദേശിക്കുന്നവർ ഭക്ഷ്യസുരക്ഷാ രജിസ‌്ട്രേഷന‌് ലൈസൻസ‌് എടുത്തിരിക്കണം. ഓണക്കാലത്ത‌് വിപണിയിൽ ലഭ്യമാകുന്ന ഭക്ഷ്യവസ‌്തുക്കളിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ്‌ രജിസ‌്ട്രേഷൻ നമ്പർ ഇല്ലാതെ കണ്ടാൽ വിവരം ഫുഡ‌് സേ‌ഫ‌്റ്റി ഓഫീസറെയോ ജില്ലാ അസിസ്റ്റന്റ‌് കമീഷണറുടെ  കാര്യാലയത്തിലോ അറിയിക്കണം.  പരാതികൾ പരിഹരിക്കാനായി ഓണം അവധി ദിവസങ്ങളിലും വകുപ്പ‌് പ്രവർത്തിക്കും.
 
 
പ്രധാന വാർത്തകൾ
 Top