19 September Saturday

മൂന്നാറിൽ വൻമരങ്ങൾ ഒടിഞ്ഞുവീണു

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
മൂന്നാർ 
ശക്തമായ കാറ്റിലും മഴയിലും വീടുകളുടെ മുകളിലേക്ക്‌ വൻമരങ്ങൾ ഒടിഞ്ഞുവീണു. മൂന്നാർ എംജി കോളനിയിൽ കെ സി ലാസർ, വിജയകുമാർ, ജയകുമാർ എന്നിവരുടെ വീടുകളാണ്‌ ബുധനാഴ്ച രാത്രി തകർന്നത്‌. ഈ ഭാഗത്തെ കോട്ടേജുകളിൽ ഉൾപ്പെടെയുള്ളവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. അപകടഭീഷണിയായി നിരവധി മരങ്ങളാണ്‌ പ്രദേശത്തുള്ളത്‌. മരങ്ങൾ മുറിച്ചുമാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 
കെഡിഎച്ച്പി കമ്പനി കന്നിമല എസ്റ്റേറ്റ് ടോപ് ഡിവിഷനിൽ ലയങ്ങളുടെ മേൽക്കൂര തകർന്നു. പെരിയവരൈ സെന്റർ ഡിവിഷനിലും നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. മരംവീണ് നയമക്കാട് എസ്റ്റേറ്റ് കമ്പനി ഓഫീസ്‌ ഭാഗികമായി തകർന്നു.
ഹൈഡൽ ടൂറിസത്തിന്റെ മാട്ടുപ്പെട്ടി, മൂന്നാർ ബോട്ടിങ് സെന്ററുകളിലും നാശനഷ്ടമുണ്ടായി. പാർക്കിനുള്ളിലെ നിരവധി കെട്ടിടങ്ങൾ ഭാഗികമായി തകർന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള മൂന്നാർ–- മാട്ടുപ്പെട്ടി റോഡിൽ സഞ്ചാരികളെ ആകർഷിച്ചിരുന്ന ഹണിബീ ട്രീ(തേനീച്ച മരം) ഒടിഞ്ഞുവീണു. ദേവികുളം ന്യൂ കോളനിയിൽ അഞ്ച് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മുതിരപ്പുഴയാറിൽ ജലനിരപ്പ്  ഉയർന്നതോടെ ഹെഡ്‌വർക്ക്സ്‌ ഡാമിന്റെ ഒരു ഷട്ടർ ഉയർത്തി. പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top